പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ ആക്രമണം; കാബൂളില്‍ ബോംബിട്ട് തിരിച്ചടി

Update: 2026-02-27 03:55 GMT

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലും മറ്റ് നഗരങ്ങളിലും ബോംബാക്രമണം നടത്തി പാകിസ്താന്‍. പാകിസ്താന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ അഫ്ഗാന്‍ സേന നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് പാകിസ്താന്റെ ബോംബാക്രമണം. പിന്നാലെ അഫ്ഗാനിസ്താന്‍ തിരിച്ചടിക്കുകയും ചെയ്തു.

അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തോടുള്ള പാകിസ്താന്റെ ക്ഷമ നശിച്ചെന്നും ഇനി നേരിട്ടുള്ള യുദ്ധം തന്നെ നടത്തുമെന്നും പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1:50ന് കാബൂളില്‍ ബോംബാക്രമണം നടന്നുവെന്നും ഇതിന് പിന്നാലെ രണ്ടാമതൊരു വ്യോമാക്രമണം കൂടി ഉണ്ടായതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. കാബൂളില്‍ വ്യോമാക്രമണം നടന്നതായി അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. 100 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തെക്കന്‍ അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ പ്രവിശ്യയിലുള്ള സൈനിക താവളത്തില്‍ പാകിസ്താന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായും പറയപ്പെടുന്നു.

പാകിസ്താന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ കാണ്ഡഹാറിലെയും ഹെല്‍മന്ദിലെയും പാകിസ്താന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ തിരിച്ചടി തുടങ്ങിയതായി അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. രണ്ട് രാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തിയിലെ പാകിസ്താന്റെ സൈനിക പോസ്റ്റുകളെ ലക്ഷ്യമാക്കി അഫ്ഗാനിസ്താന്‍ വ്യാഴാഴ്ച വെടിവെപ്പ് നടത്തിയിരുന്നു. ഈ ആക്രമണങ്ങളില്‍ 10 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെടുകയും 13 സൈനിക ഔട്ട്പോസ്റ്റുകള്‍ പിടിച്ചെടുക്കുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്റെ പ്രകോപനത്തിനാണ് ഈ തിരിച്ചടിയെന്നാണ് അഫ്ഗാനിസ്താന്‍ പറയുന്നത്. എന്നാല്‍ മരണസംഖ്യയെക്കുറിച്ച് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല.

അഫ്ഗാനിസ്താനില്‍ ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 70 ഭീകരവാദികള്‍ കൊല്ലപ്പെട്ടുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്. എന്നാല്‍ കൊല്ലപ്പെട്ടത് സാധാരണക്കാരാണെന്നാണ് അഫ്ഗാനിസ്താന്‍ പറയുന്നത്. ഇതിനിടെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ രംഗത്ത് എത്തി.