ഓപ്പറേഷൻ ലോക്ക് ഡൗൺ: അരീക്കോട് നിന്ന് 40 കിലോ കഞ്ചാവ് പിടികൂടി

Update: 2021-06-11 12:42 GMT

അരീക്കോട്: അരീക്കോട് കൈപ്പകുളം ഭാഗത്ത് നിന്ന് വാഹനത്തിൽ കടത്തിയ 40 കിലോ കഞ്ചാവ് പിടിക്കൂടി. മലപ്പുറം ഇന്റലിജൻസ് ബ്യൂറോയും എക്‌സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡും മഞ്ചേരി എക്സൈസ് സർക്കിൾ സംഘവും സംയുക്തമായി നടത്തിയ "ഓപ്പറേഷൻ ലോക്ക് ഡൗണിന്റെ " ഭാഗമായി അരീക്കോട് ടൗണിൽ നിന്നാണ് KL 27 F 9466 എന്ന നമ്പറിലുള്ള പിക്കപ്പ് വാഹനത്തിൽകടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി മൂന്ന് പേരെയാണ് സർക്കിൾ ഇൻസ്‌പെക്ടർ നിഗീഷ് എ ആറിന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് പേരെ അറസ്റ്റു ചെയ്തത്. മുതുവല്ലൂർ വിളയിൽ കുന്നത്ത് വീട്ടിൽ ഷിഹാബുദീൻ കെ, വയനാട് വൈത്തിരി പെഴുതന നിവേദ്യം വീട്ടിൽ രഞ്ജിത്ത്, കുഴിമണ്ണ സ്വദേശി കുറ്റിക്കാട്ടിൽ വീട്ടിൽ ഇർഷാദ് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ലോക്ക് ഡൗൺ സമയത്ത് സംഘം ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് ശേഖരിച്ച് അരീക്കോട്, വിളയിൽ, പള്ളിക്കൽ ബസാർ , നിരോട്ടിക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്നതായി എക്സൈസിന്റെ ഷാഡോ സംഘം മനസ്സിലാക്കിയിരുന്നു. ഇതിനെത്തുടർന്ന് ഈ മേഖലകളിൽ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും അവരെ വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പിടിയിലായ വയനാട് സ്വദേശി രഞ്ജിത്ത് നൂറ് കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് വയനാട്ടിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും കഞ്ചാവ് കടത്തിൽ പിടിയിലായത്. ഐബി ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, മഞ്ചേരി റേഞ്ച് ഇൻസ്പെക്ടർ ഇ ജിനീഷ് ,എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ ,മഞ്ചേരി സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ റെജി തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, സതീഷ് ടി, ഡ്രൈവർ ശശീന്ദ്രൻ, , പരപ്പനങ്ങാടി റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ, സിവിൽ എക്സൈസ് ഓഫീസർ നിധിൻ ചോമരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ ലോക്ക് ഡൗണിൽ മാത്രം 350 കിലോയിലധികം കഞ്ചാവാണ് എക്സൈസ് മലപ്പുറം ജില്ലയിൽ നിന്ന് പിടികൂടിയത്.

Similar News