മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മരുന്നിന് കടുത്ത ക്ഷാമം നേരിടുന്നു. രോഗികളുടെ എണ്ണംവര്‍ധിച്ചതണ് പ്രതിസന്ധികിടയാക്കിയത്. ലൈപോസോമല്‍ ആംഫോടെറിസിന്‍ ബി എന്ന ഇന്‍ജക്ഷന് ആണ് ക്ഷാമം നേരിടുന്നത്.
ബ്ലാക്ക് ഫംഗസ് ബാധിച്ച് 11 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒമ്പതുപേരെയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു.
സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം മരുന്ന് എത്തിച്ചാണ് ഇവരുടെ ചികിത്സ മുന്നോട്ടുപോകുന്നത്. കടുത്ത മരുന്ന് ക്ഷാമം നേരിടുമ്പോഴും ഇന്നലെ ജില്ലയ്ക്ക് ലഭിച്ചത് വെറും 20 വയല്‍ ആണ്. ഒരാഴ്ച മുമ്പ് 50 വയല്‍ മരുന്ന് എത്തിച്ചെങ്കിലും രോഗികളുടെ എണ്ണം കൂടിയതാണ് ക്ഷാമത്തിനിടയാക്കിയത്. രോഗതീവ്രതയനുസരിച്ച് അഞ്ചുമുതല്‍ പത്ത് വയല്‍വരെ ഒരു രോഗിക്ക് നല്‍കണം. എന്നാല്‍ ക്ഷാമത്തെ തുടര്‍ന്ന് മൂന്നു ഡോസ് പോലും നല്‍കാനാവുന്നില്ല. മറ്റ് ജില്ലകളില്‍ നിന്നു ചികിത്സ തേടി അന്വേഷിക്കുമ്പോള്‍ അധികൃതര്‍ നിസ്സഹായത അറിയിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് ഇന്ന് 25 വയല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ മുഖേന വരും ദിവസങ്ങളില്‍ കൂടുതല്‍ മരുന്നെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.