റിലീസ് തടഞ്ഞ കോടതി വിധിക്കിടെ കേരള സ്റ്റോറി 2ന്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവര്‍ത്തകര്‍

Update: 2026-02-27 06:51 GMT

മുംബൈ: വന്‍ വിവാദങ്ങള്‍ക്ക് വഴിവച്ച കേരള സ്റ്റോറി 2ന്റെ ബുക്കിങ് ആരംഭിച്ച് അണിയറ പ്രവര്‍ത്തകര്‍. വെസ്റ്റ് ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനില്‍ക്കവെയാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയിലുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹര്‍ജിക്കാരിപ്പോള്‍.

ഉച്ചയ്ക്ക് 12 മണിക്ക് ശേഷമുള്ള കേരള സ്റ്റോറി 2ന്റെ ഷോകള്‍ക്കാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഈ നടപടി കോടതി വിധിയോടുള്ള അനാദരവെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞുള്ള ഉത്തരവ് കോടതി പുറപ്പെടുവിപ്പിച്ചത്. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.

സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാര്‍ദത്തിന് ഭീഷണിയെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സെന്‍സര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു. മതഭ്രാന്തിന്റെയും വര്‍ഗീയതയുടെയും നാടായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെയും കോടതി വിമര്‍ശിച്ചിരുന്നു.

കോടതി വിധി വന്നതിന് പിന്നാലെ അപ്പീലുമായി നിര്‍മ്മാതാക്കള്‍ ഇന്നലെ തന്നെ രംഗത്ത് എത്തിയിരുന്നു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാന്‍സിസ് അടക്കമുള്ളവരാണ് ഹരജിക്കാര്‍. സിനിമ കേരളത്തെ കളങ്കപ്പെടുത്താന്‍ ഉള്ളതെന്നും ക്രമസമാധാന പ്രശ്‌നത്തിനും കാരണമാകുമെന്നുമാണ് ഹരജിക്കാരുടെ വാദം.

ഫെബ്രുവരി 27ന് ആയിരുന്നു ചിത്രം തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചത്. എന്നാല്‍ പിന്നാലെ വന്ന ട്രെയിലറും ടീസറും വിവാദങ്ങള്‍ക്ക് വഴിവച്ചു. യുവതിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങളും വിദ്വേഷ പ്രചരണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ദേശീയ അവാര്‍ഡ് നേടിയ കാമാഖ്യ നാരായണ സിങ് ആണ് കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്.