ഓരോ പഞ്ചായത്തിലും ഓരോ മെഡിക്കല്‍ ആംബുലന്‍സ്: മൊബൈല്‍ ഓക്‌സിജന്‍ ആംബുലന്‍സ് സര്‍വ്വീസിന് മതിലകത്ത് തുടക്കം

Update: 2021-05-23 03:59 GMT

തൃശൂര്‍: മൊബൈല്‍ ഓക്‌സിജന്‍ ആംബുലന്‍സ് സര്‍വ്വീസിന് മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ തുടക്കം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന കിടപ്പു രോഗികള്‍ക്ക് ഓക്‌സിജന്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്കാണ്

ഇതുവഴി ബ്ലോക്ക് പഞ്ചായത്ത് തുടക്കമിട്ടത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പു വരുത്താന്‍ ഓരോ പഞ്ചായത്തിലും ഓരോ മെഡിക്കല്‍ ആംബുലന്‍സ് ഓക്‌സിജന്‍ സൗകര്യം ബ്ലോക്ക് തല സെക്രട്ടറിമാര്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് നിര്‍ദേശിച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ആംബുലന്‍സ് ലഭ്യമല്ലാത്തവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരുടെയോ സംഘടനകളുടെയോ സഹായത്തോടെ ആംബുലന്‍സ് സൗകര്യം ഉപയോഗപ്പെടുത്തി പദ്ധതി നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് ജില്ലാ പഞ്ചായത്തിന്റെ ഒരു ലക്ഷം ഉള്‍പ്പെടെ രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ സാനു എം പരമേശ്വരന്‍ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ എസ് ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരന്‍, വിവിധ ജനപ്രതിനിധികള്‍ പങ്കെടുത്തു. ഓക്‌സിജന്‍ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പര്‍: 9048528830, 7034929999, 8943508888.

Similar News