'ഇത് ഗാസയല്ല! രേവന്തിന്റെ ഭരണത്തിന്‍ കീഴിലുള്ള തെലങ്കാനയാണിത്'; ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം (വീഡിയോ)
ഹൈദരാബാദ്: ഖമ്മം ജില്ലയില്‍ അടുത്തിടെ നടന്ന വലിയ തോതിലുള്ള പൊളിച്ചുമാറ്റല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. 'ഇത് ഗാസയല്ല! രേവന്തിന്റെ ഭരണത്തിന്‍ കീഴിലുള്ള തെലങ്കാനയാണിത്' എന്ന അടിക്കുറിപ്പോടെ ഖമ്മം ജില്ലയിലെ പൊളിച്ചുമാറ്റിയ ചേരിയുടെ ആകാശ കാഴ്ച്ച പുറത്ത് വിട്ടിരിക്കുകയാണ് ഭരതീയ രാഷ്ട്ര സമിതി(ബിആര്‍എസ്). രേവന്തിന്റെ ബുല്‍ഡോസര്‍ രാജ് എന്ന് വിമര്‍ശിച്ച ബിആര്‍എസ് വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തു.
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയുടെ നടപടി യുപിയിലെ യോഗിയുടേതിന് സമാനമാണെന്ന വിമര്‍ശനവുമായി എഐഎംഐഎം രംഗത്തെത്തി. ഇസ്രായേലിന്റെ സൈനിക നടപടിയെത്തുടര്‍ന്ന് തകര്‍ന്ന ഗസയിലെ പ്രദേശങ്ങളോട് താരതമ്യപെടുത്തിയാണ് തെലങ്കാനയിലെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ഖമ്മം ജില്ലയില്‍ അടുത്തിടെ നടന്ന വലിയ തോതിലുള്ള പൊളിച്ചുമാറ്റല്‍ നീക്കത്തിന്റെ 'മുമ്പും ശേഷവുമുള്ള' ചിത്രങ്ങള്‍ കാണിക്കാന്‍ ബിആര്‍എസ് സമാനമായ ഒരു ദൃശ്യ ഫോര്‍മാറ്റ് ഉപയോഗിച്ചു. വെള്ളിയാഴ്ചയാണ് പാര്‍ട്ടി അവരുടെ അക്കൗണ്ടില്‍ 'ഇത് ഗാസയല്ല! രേവന്തിന്റെ ഭരണത്തിന്‍ കീഴിലുള്ള തെലങ്കാനയാണിത്' എന്ന അടിക്കുറിപ്പോടെ ഖമ്മം പൊളിച്ചുമാറ്റലിന്റെ ആകാശ കാഴ്ച കാണിക്കുന്ന ഒരു വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തത്. 500 കുടുംബങ്ങളേയാണ് ആവശ്യമായ പുനരധിവാസം പോലും ഉറപ്പ് വരുത്താതെ പെരുവഴിയിലാക്കിയതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ബിആര്‍എസ് വര്‍ക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു ദുരിതബാധിത കുടുംബങ്ങളെ സന്ദര്‍ശിച്ചു. അതേ ഭൂമിയില്‍ അവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും സുപ്രീം കോടതിയെ സമീപിക്കാന്‍ ആവശ്യമായ ചെലവുകള്‍ തന്റെ പാര്‍ട്ടി വഹിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
മറ്റൊരു പോസ്റ്റില്‍, മുന്‍ സംസ്ഥാന സര്‍ക്കാരും രേവന്ത് റെഡ്ഡിയും തമ്മിലുള്ള വ്യത്യാസങ്ങള്‍ പാര്‍ട്ടി വരച്ചുകാട്ടി. 'വ്യത്യാസം വ്യക്തമാണ്! കെസിആര്‍ ഭരണം: ദരിദ്രര്‍ക്ക് അഭയം നല്‍കിയ സര്‍ക്കാര്‍. രേവന്ത് ഭരണം: ദരിദ്രരുടെ അഭയം നശിപ്പിക്കുന്ന സര്‍ക്കാര്‍.' എന്നായിരുന്നു പോസ്റ്റ്.
ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് അക്ബറുദ്ദീന്‍ ഉവൈസി രേവന്ത് റെഡ്ഡിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി താരതമ്യപ്പെടുത്തി. തെലങ്കാനയിലും ഉത്തര്‍പ്രദേശിലും പള്ളികളും ദര്‍ഗകളും തകര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. 'യോഗി അവിടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ തകര്‍ക്കുന്നു, ഇവിടെ റെഡ്ഡി വീടുകളും പള്ളികളും തകര്‍ക്കുന്നു. യോഗിയും ഈ റെഡ്ഡിയും തമ്മില്‍ വ്യത്യാസമില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വ്യത്യാസമില്ല,' ഉവൈസി ആരോപിച്ചു.

