1621 അധ്യാപക അനധ്യാപക ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന റിപ്പോര്‍ട്ട് തള്ളി യുപി സര്‍ക്കാര്‍
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പങ്കെടുത്ത 1621 അധ്യാപക-അനധ്യാപക ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി യുപി സര്‍ക്കാര്‍. മൂന്ന് അധ്യാപകര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ ബേസിക് എഡ്യുക്കേഷന്‍ കൗണ്‍സില്‍ പറയുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്നും യുപി സര്‍ക്കാര്‍ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ചുമതല നിര്‍വഹിച്ചതോടെ, രോഗബാധയേറ്റ് മരിച്ച അധ്യാപകരുടെ എണ്ണം 706 ല്‍ നിന്നും 1,621 ആയി ഉയര്‍ന്നതായായിരുന്നു അധ്യാപക സംഘടനയുടെ ആരോപണം. പ്രാഥമിക് ശിക്ഷക് സംഘ് എന്ന സംഘടന ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു.
ഏപ്രില്‍ അവസാനത്തോടെയാണ് യു.പിയിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം പൂര്‍ത്തിയാകുന്നത്. കൊവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയില്‍ ഹരജിയും സമര്‍പ്പിച്ചു. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചതിനാല്‍ ഹരജി കോടതി തള്ളുകയാണുണ്ടായത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞുള്ള മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്. മരണപ്പെട്ടവരെ കൊവിഡ് പോരാളികളായി പ്രഖ്യാപിക്കണമെന്നും, ഓരോരുത്തരുടെയും കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
