'മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു..'; സംഘികളെ ട്രോളി റിമ കല്ലിങ്കല്‍
കോഴിക്കോട്: രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ പ്രതിഷേധിക്കുന്ന സംഘികളെ ട്രോളി സിനിമാ താരം റിമ കല്ലിങ്കല്‍. ദിവസങ്ങള്‍ക്ക് മുമ്പ് വരെ ശൈലജ ടീച്ചറെയടക്കം വിമര്‍ശിച്ചു കൊണ്ട് നടന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളെ ട്രോളി സിനിമാ താരം റിമ കല്ലിങ്കല്‍ രംഗത്തെത്തിയത്. മന്ത്രിസഭയില്‍ ശൈലജ ടീച്ചര്‍ക്ക് ഇടം ലഭിക്കാത്തിന് പിന്നാലെ ടീച്ചറെ പിന്തുണച്ചുകൊണ്ടെത്തുന്ന സംഘപരിവാര്‍ പ്രൊഫൈലുകളെയാണ് റിമ പരിഹസിച്ചത്. 'അതിനിടയില്‍ ചിലര്‍, മാളികപ്പുറത്തമ്മ കഴിഞ്ഞാല്‍ എനിക്കെന്റെ ടീച്ചറമ്മയായിരുന്നു..'എന്ന എഴുത്തോട് കൂടിയ ഒരു മീം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം 'ഒന്നു പോയി തരുമോ' എന്നും തലക്കെട്ട് ആയി റിമ കുറിക്കുന്നു.
നേരത്തെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ റിമ കല്ലിങ്കല്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
'പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും ആരോഗ്യരംഗത്ത് അഞ്ചു വര്‍ഷം ലോകോത്തര നിലവാരത്തിലുള്ള സേവനവും നല്‍കിയിട്ടും സിപിഎം ഇടം കൊടുക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് സാധിക്കുക , പാര്‍ട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചര്‍ക്കുള്ളതായിരുന്നു...' ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചു. കെ കെ ശൈലജയും ഗൗരിയമ്മയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചിരുന്നു.
