കോഴിക്കോട് : കൊവിഡ് മഹാമാരിക്കെതിരായി എലത്തൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലേക്കും കോർപ്പറേഷൻ ഡിവിഷനുകളിലേക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപകരണങ്ങളും സാധന സാമഗ്രികളും വിതരണം ചെയ്തു. മന്ത്രി എ.കെ ശശീന്ദ്രെന്റ ക്യാമ്പ് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂം വഴിയാണ് വിതരണം നടത്തിയത്. മണ്ഡലത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ പോരാട്ടത്തിൽ മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
പൾസ് ഓക്സീമീറ്റർ, പി. പി. ഇ കിറ്റ്, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയാണ് വിതരണം ചെയ്ത്. വിവിധ പഞ്ചായത്ത് ഓഫീസുകളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് ഏറ്റുവാങ്ങി. കോർപ്പറേഷൻ മേഖലാ ഓഫീസിൽ കൗൺസിലർമാർ സാധനങ്ങൾ സ്വീകരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവർത്തകരെയും മന്ത്രി അഭിനന്ദിച്ചു.