കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍

Update: 2021-05-02 15:03 GMT

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് പ്രതിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍. തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കൈകള്‍ ബന്ധിച്ച നിലയില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതല്‍ ഇയാളെ കാണാതായിരുന്നു.കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതിയുടെ പിതാവാണിദ്ദേഹം. മകനുമായി ഇന്നലെ വീട്ടില്‍ വാക്ക് തര്‍ക്കം നടന്നതായി പരിസരവാസികള്‍ പറയുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നത്രെ.

കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ പള്ളിപ്പടിഅട്ടക്കുഴിങ്ങര പനംകുണ്ട് ഭാഗത്ത് ഇദ്ദേഹം ഉപയോഗിച്ച് വന്നിരുന്ന ടോര്‍ച്ച് താഴെ കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍മണിക്കൂറുകള്‍ നീണ്ട പരിശോധനയില്‍ മൃതദേഹം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഇതിനിടെയാണ് മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. നാട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്നാണ് മൃതദേഹം പുഴയില്‍ നിന്നെടുത്തത്.

ഇരു കൈകളും തോര്‍ത്ത് ഉപയോഗിച്ച് കൂട്ടി കെട്ടിയ നിലയിലായിരുന്നുവെന്നും മൂക്കില്‍ നിന്ന് രക്തം കണ്ടതുമാണ് ദുരൂഹത ഉയര്‍ത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവ സ്ഥലത്തെത്തിയ താലൂക്ക് തഹസില്‍ ദാരുടെ സാനിധ്യത്തില്‍ തിരൂരങ്ങാടി പോലിസ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ദുരൂഹ മരണത്തില്‍ അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Similar News