ഐപിഎല്‍ മാര്‍ച്ച് 28ന് തുടങ്ങും; ഫൈനല്‍ മെയ് 31ന്

Update: 2026-02-27 17:56 GMT

മുംബൈ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പത്തൊന്‍പതാം സീസണ്‍ മാര്‍ച്ച് 28-ന് ആരംഭിക്കും. നേരത്തെ മാര്‍ച്ച് 26-ന് തുടങ്ങാനായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും രണ്ട് ദിവസം നീട്ടി മാര്‍ച്ച് 28-ലേക്ക് മാറ്റാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനമെടുത്തതായാണ് വിവരം. മെയ് 31-നായിരിക്കും കലാശപ്പോരാട്ടം.

അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കാത്തതാണ് ഐപിഎല്‍ മല്‍സരക്രമം വൈകാന്‍ കാരണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് (ഗുവാഹത്തി) എന്നീ ടീമുകളുടെ ഹോം മല്‍സരങ്ങള്‍ ഈ സംസ്ഥാനങ്ങളിലാണ് നടക്കേണ്ടത്. തിരഞ്ഞെടുപ്പ് തിയ്യതികള്‍ വരുന്ന മുറയ്ക്ക് രണ്ട് ഘട്ടങ്ങളായി മല്‍സരക്രമം പുറത്തിറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. അടുത്ത ആഴ്ച ചേരുന്ന ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതില്‍ അന്തിമ തീരുമാനമുണ്ടാകും.

നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആര്‍സിബി) ഉള്‍പ്പെടുന്ന ഉദ്ഘാടന മല്‍സരത്തിന്റെ വേദിയെച്ചൊല്ലിയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ ജൂണില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബിയുടെ കിരീടവിജയ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ മരിക്കാനിടയായ സംഭവം വലിയ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആര്‍സിബിയുടെ ഹോം മല്‍സരങ്ങള്‍ ബെംഗളൂരുവിന് പുറത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഇതിനായി നവി മുംബൈ, റായ്പൂര്‍, പുനെ നരഗങ്ങളാണ് പരിഗണിക്കുന്നത്.

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനുമായി ആര്‍സിബി മാനേജ്മെന്റ് ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തന്നെ മല്‍സരങ്ങള്‍ വേണമോ അതോ പകരം വേദികള്‍ കണ്ടെത്തണമോ എന്ന കാര്യത്തില്‍ അടുത്ത ആഴ്ച തീരുമാനമുണ്ടാകും. സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ഐപിഎല്‍ സീസണ്‍ എന്ന പ്രത്യേകതയും 2026-നുണ്ട്.