കോട്ടക്കല്‍: കേരളത്തിലെ മുസ് ലിംകളെ നിയന്ത്രിക്കാന്‍ ഒരു പാര്‍ട്ടി വേണമെന്നും ഇല്ലെങ്കില്‍ അവരൊക്കെ തീവ്ര നിലാപടുകാരാകും എന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന മുസ് ലിംകളെ അപമാനിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് സി പി എ ലത്തീഫ്. കോട്ടക്കല്‍ ഒതുക്കുങ്ങലില്‍ എസ്ഡിപിഐ ജില്ലാതല ബൂത്ത് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സതീശന്റെ പ്രസ്താവന ഇസ് ലാമോഫോബിക്കാണ്. മുസ് ലിംകള്‍ തീവ്രവാദികളാണെന്ന് പറയാതെ പറയുകയാണ് സതീശന്‍ ചെയ്തത്.
കേരളത്തിലെ മുസ് ലിം സമൂഹം കൈവരിച്ച വിദ്യാഭ്യാസ മുന്നേറ്റവും അവര്‍ പ്രകടിപ്പിക്കുന്ന ഉയര്‍ന്ന ജനാധിപത്യ ബോധവും ഭരണഘടനയോടുള്ള വിധേയത്വവും ഒരു പാര്‍ട്ടിയുടെ മേല്‍വിലാസത്തിലാക്കുന്നത് അല്‍പത്തരമാണ്. സതീശന്‍ ഇത്രയും തരംതാഴരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ലീഗില്ലെങ്കില്‍ മുസ് ലിംകള്‍ മുഴുവന്‍ തീവ്രവാദത്തിലേക്ക് പോകുമെന്നും, അവിടെ തീവ്രനിലപാടുള്ള പാര്‍ട്ടികള്‍ ഇടം നേടുമെന്നുമാണ് വി ഡി സതീശന്‍ സ്വകാര്യ ചാനലില്‍ പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ മുസ് ലിം ലീഗിനെ പുളകം കൊള്ളിക്കുമെങ്കിലും മുസ്‌ലിം ജനവിഭാഗം മുഴുവന്‍ സമൂഹത്തില്‍ ഭീകരന്‍മാരാണന്ന ചിന്ത പരത്തുന്ന തരത്തിലാണ്.
എല്ലാതലങ്ങളിലും ആര്‍എസ്എസ് പിടി മുറുക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയും, മുസ് ലിം ജനവിഭാഗം കുഴപ്പക്കാരാണന്ന് വരുത്തി തീര്‍ക്കുകയും ചെയ്യുന്ന നിലപാട് സതീശന്റെ ഇരട്ടതാപ്പാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എസ്ഡിപിഐ മലപ്പുറം ജില്ല പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി, ജില്ല നേതാക്കളായ അഡ്വ: സാദിഖ് നടുത്തൊടി, വി വീരാന്‍കുട്ടി, ഉസ്മാന്‍ കരുളായി സംസാരിച്ചു.
