കൊവിഡ് പ്രോട്ടോകോൾ ലംഘനം: പി കെ ഫിറോസ് ഉൾപ്പെടെ യൂത്ത് ലീഗ് നേതാക്കൾക്കെതിരേ കേസ്
പരപ്പനങ്ങാടി: കൊവിഡ് നിയമം ലംഘിച്ച് അവാർഡ് ദാനം നടത്തിയ നടപടിയിൽ പരാതിയെ തുടർന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ഉൾപ്പെടെ നേതാക്കൾക്കെതിരേ കേസ്.
പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻ കാവിൽ എംഎസ്എഫ് നേതാവായ ഷബീബ് പയേരിക്ക് സിഎ അവസാന അഖിലേന്ത്യ പരീക്ഷയിൽ വിജയം കരസ്ഥമാക്കിയതിന് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ അവാർഡ് ദാനം ഉള്ളണത്ത് നടത്തിയിരുന്നു.
ഇതിൻ്റെ ഉദ്ഘാടനം നിർവഹിച്ച യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻസിപ്പൽ കൗൺസിലറും സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരുമായ ഷാഹുൽ ഹമീദ്, നിസാർ അഹമ്മദ് തുടങ്ങി ലീഗ് നേതാക്കൾക്കെതിരെ സിപിഎം പ്രവർത്തകനായ മുജീബ് എപിയുടെ പരാതിയിലാണ് പരപ്പനങ്ങാടി സിഐ ഹണി കെ ദാസ് കൊവിഡ് നിയമ ലംഘനത്തിൻ്റെ പേരിൽ കേസ്സെടുത്തത്.
പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ 2 ഡിവിഷനിൽ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആളുകളുടെ ഒത്തുചേരലിന് കർശന നിലപാടെടുക്കേണ്ട ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മറ്റിയുടെ ചെയർമാനടക്കം നിരവധി പേര് ഒത്തുചേർന്നത് നിയമ ലംഘനമാണന്ന് കാണിച്ച് നൽകിയ പരാതിയിലാണ് കേസ്.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഫോട്ടോ സഹിതമാണ് പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ കേസ്സെടുത്തതായി പരപ്പനങ്ങാടി സിഐപറഞ്ഞു.
നിരോധാജ്ഞ ലംഘിക്കരുത് ശക്തമായ നടപടിയുണ്ടാകും എന്ന് മുനിസിപ്പാലിറ്റി അനൗണ്‍സ് മെന്‍റ് നടത്തുകയും മറുഭാഗത്ത് നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി ചേയര്‍മാന്‍ അടക്കമുളള യൂത്ത് ലീഗ്, മുസ്‌ലിം ലീഗ് നേതാക്കള്‍ പി കെ ഫിറോസിനെ കൊണ്ട് വന്ന് കൊവിഡ് പ്രോട്ടോകോളും നിരോധാജ്ഞയും ലംഘിച്ച് പരിപാടി നടത്തുകയും ചെയ്തത് രണ്ട് സ്റ്റാന്‍റിങ് കമ്മിറ്റി ചേയര്‍മാന്‍മാരാണ്.
പരാതിയില്‍ പി കെ ഫിറോസിനെ ഒന്നാം പ്രതിയാക്കി പതിനഞ്ച് പേർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.
