ഓക്സിജൻ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിറ്റു; രണ്ട് പേർ പിടിയിൽ
ന്യൂഡൽഹി: ജനങ്ങൾ പ്രണവായുവിന് നെട്ടോട്ടം ഓടുമ്പോൾ തട്ടിപ്പ് നടത്തി പണം ഉണ്ടാക്കാൻ ഒരു സംഘം. ഡൽഹിയിലാണ് പ്രണവായുവിലും തട്ടിപ്പ് അരങ്ങേറിയത്. ഓക്സിജൻ സിലിണ്ടറെന്ന വ്യാജേന അഗ്നിശമന ഉപകരണം വിറ്റ് യുവതിയെ കബളിപ്പിച്ച രണ്ടു പേർ പിടിയിലായി. ഡൽഹിയിലെ ഉത്തംനഗറിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കൊവിഡ് ബാധിച്ച ബന്ധുവിനായാണ് ബിന്ദാപുർ സ്വദേശിനിയായ ഗീത അറോറ ഓക്സിജൻ സിലിണ്ടർ തേടിയത്. എന്നാൽ ഇവരെ സമീപിച്ച യുവാക്കൾ അഗ്നിശമന സിലിണ്ടറുകൾ നൽകി കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് മനസിലായ ഇവർ പോലീസിൽ പരാതി നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തത്. അശുതോഷ് ചൗഹാൻ (19), ആയുഷ് കുമാർ (22) എന്നിവരാണ് പിടിയിലായത്. 10,000 രൂപ ഈടാക്കിയാണ് തട്ടിപ്പുകാർ സിലിണ്ടർ വിറ്റത്. ഇവരിൽ നിന്ന് വിൽക്കാൻ ഒരുക്കിവെച്ച അഞ്ച് അഗ്നിശമന ഉപകരണം കൂടി കണ്ടെടുത്തതായി പോലിസ് പറഞ്ഞു.