ന്യൂഡല്‍ഹി: ബിജെപിയെ നന്ദിഗ്രാമില്‍ നിന്നും ബംഗാളില്‍ നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടു. മമതയെ നന്ദിഗ്രാമില്‍ തോല്‍പ്പിച്ചാലേ വികസനം സാധ്യമാകൂ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
മറ്റന്നാള്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെയും അസമിലെയും മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. നന്ദിഗ്രാം അടക്കം ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് മറ്റന്നാള്‍ ബൂത്തിലെത്തുക.
മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഉള്‍പ്പെടുന്നതിനാല്‍, 30 മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നിര്‍ണായകമാണ്. അടുത്തകാലം വരെ മമതയുടെ വിശ്വസ്തനും സിംഗൂര്‍, നന്ദിഗ്രാം സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവുമാണ് സുവേന്ദു അധികാരി. അതേസമയം, തൃണമൂലും ബിജെപിയും സംസ്ഥാനത്തെ മതേതര സ്വഭാവം നശിപ്പിച്ചു എന്ന് മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ കുറ്റപ്പെടുത്തി.