കണ്ണൂര്‍: കേരളത്തില്‍ ബിജെപി ആഗ്രഹിക്കുന്ന സാമുദായിക ധ്രുവീകരണത്തിനു പാലം പണിയുന്നത് എല്‍ഡിഎഫും യുഡിഎഫും ആണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ആരോപിച്ചു. കണ്ണൂര്‍ ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല, സാമ്പത്തിക സംവരണം, കാര്‍ഷിക സമരം, സിഎഎ-എന്‍ആര്‍സി, ഹലാല്‍ വിവാദം, ഇഡി നീക്കം, ഇന്ധന വിലവര്‍ദ്ധനവ്, വിലകയറ്റം തുടങ്ങിയ കാര്യങ്ങളില്‍ മൂന്ന് മുന്നണികള്‍ക്കും വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നിലപാട് മാത്രമാണുള്ളത്. അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഭരണ-പ്രതിപക്ഷ പരാജയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുഡിഎഫ്-എല്‍ഡിഎഫ് കക്ഷികള്‍ സരിത, സ്വപ്ന വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പരാജയം മൂടിവെക്കാന്‍ ബിജെപിയും വര്‍ഗീയതകളിക്കുന്നു.
സാമൂഹിക നീതി ഉറപ്പു വരുത്തി ധ്രൂവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ യാഥാര്‍ത്ഥ്യമാകുവാന്‍ എസ്ഡിപിഐ പരിശ്രമിക്കുമെന്നും മുസ്തഫ കൊമ്മേരി പറഞ്ഞു. ജില്ല പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നിയമസഭ തെരെഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളുടെ യും ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തും. ഇതിനായി മണ്ഡലം തല പ്രചാരണം നിശ്ചയിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ ജബ്ബാര്‍ (അഴീക്കോട്), ജില്ല പ്രസിഡന്റെ എ സി ജലാലുദ്ദീന്‍ (തലശ്ശേരി), ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് ( പയ്യന്നൂര്‍, തളിപറമ്പ്, ഇരിക്കൂര്‍), സെക്രട്ടറി പിടിവി ഷംസീര്‍ (ധര്‍മ്മടം) ബി ശംസുദ്ദീന്‍ മൗലവി (കണ്ണൂര്‍), അനസ് മാട്ടൂല്‍ (കല്യാശ്ശേരി), മുഹമ്മദലി (കൂത്തുപറമ്പ്), റഫീഖ് കീച്ചേരി (മട്ടന്നൂര്‍), സജീര്‍ കീച്ചേരി (പേരാവൂര്‍) എന്നിവര്‍ ജാഥ നയിക്കും. ഫെബ്രുവരി 19 ന് ഇന്ധന വിലവര്‍ദ്ധനവിനെതിരെ കണ്ണൂര്‍ കാല്‍ടെക്‌സില്‍ പ്രതിഷേധ വലയം തീര്‍ക്കും . ജില്ലയിലെ ബ്രാഞ്ച് മണ്ഡലം തലങ്ങളില്‍ വിവിധങ്ങളായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ഇബ്രാഹിം, എ.ഫൈസല്‍, അബ്ദുള്ള മന്ന, മുഹമ്മദ് ശാഫി, മുസ്തഫ അഴീക്കോട്, മുഹമ്മദലി തളിപറമ്പ്, നൗഷാദ് ബംഗ്ല , സത്താര്‍ ഉളിയില്‍ , ഹാറൂണ്‍ കടവത്തൂര്‍, നിയാസ് തറമ്മല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
