ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വെല്ലുവിളി: സിപിഎ ലത്തീഫ്
കോഴിക്കോട്: ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈയുടെ വധം അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു. രാജ്യങ്ങളുടെ പരമാധികാരത്തില്‍ കടന്നുകയറുകയും രാഷ്ട്ര തലവന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന അമേരിക്കന്‍ ഇസ്രയേല്‍ ഭീകരത ലോകത്തിന്റെയാകെ സമാധാനം തകര്‍ക്കുന്നതാണ്. ഫലസ്തീന്‍ നേതാവ് ഇസ്മയില്‍ ഹനിയ്യയെ മൊസാദ് ചാരന്മാരെ ഉപയോഗിച്ച് ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയ ഇസ്രായേല്‍ എല്ലാ കാലത്തും ഭീകരതയുടെ ഉറവിടമാണ്. രാഷ്ട്രത്തലവനെ വധിച്ചത് കൊണ്ട് മാത്രം ഇറാന്‍ ജനതയുടെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ല. അമേരിക്കയുടെ ഏക ലോക ധ്രുവക്രമത്തിനെതിരെ എക്കാലത്തും ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഖാംനഈയുടെ പിന്‍തലമുറ യാങ്കി-സയണിസ്റ്റ് ഭീകരതയ്ക്ക് മുമ്പില്‍ മുട്ടുമടക്കില്ല. പതിറ്റാണ്ടുകളോളം ജനവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച ബ്രിട്ടീഷ് പാവസര്‍ക്കാരായിരുന്ന ഷാപഹ്‌ലവിയുടെ ദുര്‍ഭരണത്തിനെതിരെ വിപ്ലവം നയിച്ച ചരിത്ര പുരുഷനായിരുന്നു ആയത്തുല്ല ഖാംനഈ എന്നും അദ്ദേഹം അനുസ്മരിച്ചു. ഖാംനഈയുടെ രക്തസാക്ഷിത്വം ലോകത്തെമ്പാടുമുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുകയും മൂന്നാം ലോക രാജ്യങ്ങളുടെ ഐക്യത്തിനു കാരണമാവുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിച്ചുകൊണ്ട് ലോകസമാധാനം തകര്‍ക്കുന്ന അമേരിക്കന്‍ ഇസ്രയേല്‍ ഭീകര അച്ചുതണ്ടിലേക്ക് ചേരിചേരാ നയം ചരിത്രത്തിലുടനീളം തുടര്‍ന്നുവരുന്ന നമ്മുടെ ഇന്ത്യയെ കൊണ്ടുപോയി കൂട്ടിക്കെട്ടാനുള്ള നരേന്ദ്രമോദിയുടെ നിലപാടിനെതിരെ ഇന്ത്യന്‍ ജനത രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.