'കേരള സ്റ്റോറി' പ്രദര്‍ശനാനുമതി: ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം-വിമന്‍ ഇന്ത്യാ മൂവ്മെന്റ്
തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും സാമൂഹികമായ ഭിന്നിപ്പിനും കാരണമായ 'കേരള സ്റ്റോറി' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന് പ്രദര്‍ശനാനുമതി നല്‍കിയ ഹൈക്കോടതി വിധി അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഐ ഇര്‍ഷാന. ഒരു പ്രത്യേക വിഭാഗത്തെയും കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തെയും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്ന ഇത്തരം സിനിമകള്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താന്‍ മാത്രമേ സഹായിക്കൂ. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുവദിക്കപ്പെടുന്നത് ആശങ്കാജനകമാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമെന്നോണം അവതരിപ്പിക്കുന്നത് കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒന്നാം ഭാഗത്തിലെന്നപോലെ രണ്ടാം ഭാഗത്തിലും കേരളത്തെ വികലമായി ചിത്രീകരിക്കാനുള്ള ശ്രമം അപലപനീയമാണ്. ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രതയോടെയുള്ള ഇടപെടലാണ് നീതിന്യായ പീഠത്തില്‍ നിന്നും പ്രതീക്ഷിച്ചത്. ഈ വിധി പുനഃപരിശോധിക്കണമെന്നും, വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടുള്ള ഇത്തരം നീക്കങ്ങളില്‍ നിന്ന് സിനിമാ പ്രവര്‍ത്തകര്‍ പിന്തിരിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ മതേതര മനസ്സിനെ മുറിപ്പെടുത്തുന്ന ഇത്തരം പ്രവണതകള്‍ഹക്കെതിരെ ജനാധിപത്യപരമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും എം ഐ ഇര്‍ഷാന അഭ്യര്‍ഥിച്ചു.