വ്യാപാരികള്‍ക്ക് ദേശീയപാത പാക്കേജ് പ്രകാരമുള്ള നഷ്ടപരിഹാരം ഉടന്‍ : കിടപ്പുസമരം പിന്‍വലിച്ചു

Update: 2021-02-15 13:17 GMT

കോഴിക്കോട്: ദേശീയപാത പാക്കേജ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരിവ്യവസായി സമിതി പ്രഖ്യാപിച്ച കിടപ്പുസമരം പിന്‍വലിച്ചു. കടകള്‍ ഒഴിപ്പിക്കപ്പെട്ട വ്യാപാരികള്‍ക്ക് പാക്കെജില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നല്‍കുമെന്ന് അധികൃതരില്‍ നിന്നു ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളിലെ വ്യാപാരികളുടെ ലിസ്റ്റ് തയ്യാറാക്കി റവന്യൂ കമ്മീഷണര്‍ക്ക് നല്‍കുന്ന നടപടി അന്തിമ ഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കലക്റ്റര്‍ അനിത കുമാരി വ്യപാരി വ്യവസായി സമിതി നേതാക്കളെ അറിയിച്ചു. കൊയിലാണ്ടി താലൂക്കിലെ ലിസ്റ്റ് പൂര്‍ത്തീകരിച്ചതായും വടകര താലുക്കിലെ ലിസ്റ്റ് 15 ദിവസത്തിനകം നല്‍കുമെന്നും ഡെപൂട്ടി കലക്ടര്‍ ഉറപ്പു നല്‍കി.രണ്ട് ലക്ഷം രൂപ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും തൊഴിലാളികള്‍ക്ക് 36,000 രൂപയുമാണ് പാക്കേജ് പ്രകാരം നല്‍കുക.

സമിതി സംസ്ഥാന ജോ. സിക്രട്ടറി സി.കെ.വിജയന്‍, സംസ്ഥാന കമ്മിറ്റി അംഗം ഡി.എം .ശശീന്ദ്രന്‍ ,പയ്യോളി മേഖലാ സെക്രട്ടറി കെ.ശശി, വടകര മേഖലാ പ്രസിഡണ്ട് കരിപ്പള്ളി രാജന്‍, സെക്രട്ടറി വി.അസീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വ്യാപാരി സമിതി നടത്തിയ പ്രക്ഷോഭ സമരത്തിന്റെ വിജയമാണ് പാക്കേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനു കാരണമായതെന്ന് സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുള്‍ ഗഫൂറും സിക്രട്ടറി ടി. മരക്കാരും പറഞ്ഞു.

Similar News