തൊഴില്‍മേഖലകളില്‍ വനിതാപ്രാതിനിധ്യം ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍
ചാലക്കുടി: വനിതാ ഐ ടി ഐകളില്‍ വ്യാവസായിക പരിശീലന സൗകര്യങ്ങള്‍ ഒരുക്കി സ്ത്രീകള്‍ക്ക് ഇത്തരം തൊഴില്‍മേഖലകളില്‍ പ്രാധിനിധ്യം ഉറപ്പാക്കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ചാലക്കുടി ഗവ വനിതാ ഐടിഐ യിലെ വര്‍ക്ക്‌ഷോപ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഏക വനിത ഐ ടി ഐ ആയ ചാലക്കുടിയില്‍, 78 ലക്ഷം രൂപ ചിലവഴിച്ചാണ് വനിതകള്‍ക്ക് വേണ്ടി പുതിയ വര്‍ക്ക് ഷോപ്പ് കെട്ടിടം പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്.
വ്യവസായിക പരിശീലന രംഗത്ത് വനിതകള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിലൂടെ ഈ രംഗത്തും മികച്ച മുന്നേറ്റം സാധ്യമാക്കാന്‍ കഴിയും. ഇങ്ങനെ വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ക്ക് ജോലി നേടാന്‍ കഴിയും. പഠനത്തോടൊപ്പം ബന്ധപ്പെട്ട മേഖലയില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിക്കാന്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ സൗകര്യമൊരുക്കും. പഠനത്തിനും പരിശീലനത്തിനുമൊപ്പം ഉത്പാദന സേവനങ്ങളിലേക്ക് കടക്കുന്നത് ഭാവിയില്‍ ബന്ധപ്പെട്ട തൊഴില്‍മേഖലയില്‍ വനിതകള്‍ക്ക് ശോഭിക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ബി ഡി ദേവസ്സി എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, മുനിസിപ്പല്‍ അംഗങ്ങളായ ബിന്ദു ശശികുമാര്‍, നിത പോള്‍, വ്യവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഡോ എസ് ചിത്ര, ഐ ടി ഐ പ്രിന്‍സിപ്പല്‍ പി എ സെബാസ്റ്റ്യന്‍, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സി എസ് രാജശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.