ഇത്തവണ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലം: 15ന് ആരംഭിക്കും

Update: 2021-02-04 05:17 GMT

തൃശൂര്‍: ഈ വര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി 15 ന് ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയും സുരക്ഷയും ഉറപ്പുവരുത്തി വിപുലമായ രീതിയില്‍ നടപ്പാക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.

വാര്‍ഡുതല സാനിറ്റേഷന്‍ സമിതികള്‍ പുതിയ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുക, കോവിഡ് മാലിന്യങ്ങള്‍ ശേഖരിക്കുന്ന സാനിറ്ററി വര്‍ക്കര്‍മാര്‍ പിപിഇ കിറ്റ് ധരിച്ചു മാലിന്യങ്ങള്‍ ശേഖരിക്കുക എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നടപ്പാക്കും.

പുതിയതായി തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്കുള്ള പ്രീ മണ്‍സൂണ്‍ ക്യംപയിന്‍ പരിശീലനം കില, ശുചിത്വമിഷന്‍ എന്നിവ നടത്തും. പരിശീലനങ്ങള്‍ ഫെബ്രു. 15 നകം പൂര്‍ത്തിയാക്കും. കൊതുകു നിവാരണത്തിനായി വിവിധ സന്നദ്ധ സംഘടനകള്‍, കുട്ടികള്‍ എന്നിവരുടെ സേവനം വാര്‍ഡുതലത്തില്‍ ഉപയോഗപ്പെടുത്തി ആഴ്ചയില്‍ ഒരു ദിവസം (എല്ലാ തിങ്കളാഴ്ചയും) സംസ്ഥാനം മൊത്തം െ്രെഡഡേ ആചരിക്കും. ഇത് എല്ലാ ആഴ്ചയും തുടരും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ പ്രവര്‍ത്തനങ്ങളും നടത്തേണ്ടത്.

മഴക്കാലത്തിന് മുന്നോടിയായി ഹരിതകര്‍മസേനകള്‍ വീടുകള്‍ സന്ദര്‍ശിച്ച് അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയും അവ തരംതിരിച്ച് എം.സി.എഫ്, ആര്‍.ആര്‍.എഫുകളില്‍ എത്തിക്കും. മഴക്കാലത്തിന് മുമ്പായി എം.സി.എഫുകള്‍ സംസ്‌കരിക്കും.

ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, പി.ഡബ്ല്യു.ഡി എന്നീ വകുപ്പുകള്‍ കുടിവെള്ള പൈപ്പ് മെയിന്റനന്‍സ്, ഓട വൃത്തിയാക്കല്‍ എന്നിവ മഴക്കാലത്തിന് മുമ്പ് നടത്തണം. ജില്ലാതലത്തിലുള്ള ക്ലീനിങ് െ്രെഡവ് വിജയകരമാക്കുവാന്‍ ജില്ലാ കലക്ടര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മന്ത്രിമാര്‍, എം എല്‍ എ മാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

വാര്‍ഡുതല സാനിറ്റേഷന്‍ സമിതി ചേര്‍ന്ന് വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍, കൊതുക് വളരുന്ന സ്ഥലങ്ങള്‍ എന്നിവ മനസിലാക്കി കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിന് ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

തദ്ദേശ സ്ഥാപനപരിധിയിലെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയില്‍ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നുവെന്ന് ഉറപ്പാക്കും. അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മസേന ശേഖരിയ്ക്കും.

മെയ് മാസത്തില്‍ ജനപങ്കാളിത്തത്തോടെ പൊതുയിടങ്ങളും ജലസ്രോതസുകളും ശുചീകരിക്കും. സംസ്ഥാന വ്യാപകമായി െ്രെഡഡേ ആചരണത്തോടൊപ്പം കൊതുക് നശീകരണത്തിനുള്ള ഫോഗിങ്ങും നടത്തും. കുടിവെള്ള സ്രോതസുകളുടെ ശുചീകരണവും ഇത്തരത്തില്‍ കാമ്പയിന്‍ മാതൃകയില്‍ നടപ്പാക്കും.

ഡ്രെയിനേജുകളില്‍ മലിനജലം കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. വാര്‍ഡുതല ഐ.ഇ.സി പ്രവര്‍ത്തനങ്ങള്‍ക്കായി ഹരിതകര്‍മസേന, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മരുന്നുകള്‍, ബ്ലീച്ചിങ് പൗഡര്‍ എന്നിവ ആരോഗ്യ സ്ഥാപനങ്ങളില്‍ സ്‌റ്റോക്ക് ചെയ്യും.

Similar News