ഒമാനിലും ആക്രമണം: വാണിജ്യ തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍, ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു

Update: 2026-03-01 09:18 GMT

മസ്‌കത്ത് : ഒമാന്റെ വാണിജ്യ തുറമുഖമായ ദുഖ്മിന് (Duqm) നേരെ ഞായറാഴ്ച രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി ഒമാന്‍ ന്യൂസ് ഏജന്‍സി (ONA) റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണങ്ങളില്‍ ഒരു ഡ്രോണ്‍ തൊഴിലാളികളുടെ താമസസ്ഥലത്ത് പതിച്ചതിനെത്തുടര്‍ന്ന് ഒരു വിദേശ തൊഴിലാളിക്ക് പരിക്കേറ്റു. നിലവില്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ടാമത്തെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ ഇന്ധന ടാങ്കുകള്‍ക്ക് സമീപമാണ് വീണതെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആക്രമണത്തെ ശക്തമായി അപലപിച്ച ഒമാന്‍ ഭരണകൂടം, രാജ്യത്തിന്റെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ ഒമാന്‍ നേരിട്ട് ആക്രമിക്കപ്പെടുന്നത് ഇതാദ്യമായാണ് എന്നത് മേഖലയിലെ ഭീതി വര്‍ധിപ്പിക്കുന്നു.