തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

Update: 2021-01-21 16:38 GMT

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷനിലെ കോവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാരുടെ വിവരം ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കുന്നതിനായാണ് കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

നിലവിലെ കൊവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ട്രെയിനുകളുടെയും സ്‌റ്റോപ്പുകളുടെയും എണ്ണവും യാത്രക്കാര്‍ നിയന്ത്രണമില്ലാതെ വരുന്നതുമൂലം യാത്രക്കാരുടെ വിവരശേഖരണം സാധ്യമല്ലാതെ വന്നതിനാലാണ് കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തനം നിര്‍ത്തുന്നത്.

കൊവിഡ് കെയര്‍ സെന്ററില്‍ ജോലിനോക്കിയിരുന്ന ജീവനക്കാര്‍ അവരവര്‍ ജോലി ചെയ്തിരുന്ന ഓഫിസില്‍ യഥാക്രമം ജോലിക്ക് ഹാജരാകണമെന്ന് ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം സി റെജില്‍ അറിയിച്ചു.

Similar News