കോഴിക്കോട്: സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇറാനിന്റെ രാഷ്ട്രനായകന്‍ അലി ഖാംനഈയെ വധിച്ച സയണിസ്റ്റ് ഭീകരതയെ ചെറുത്തു തോല്‍പിക്കേണ്ടത് ലോകത്തിന്റെ ബാധ്യതയാണെന്ന് കെഎന്‍എം മര്‍കസുദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അന്യായമായി കടന്നു കയറി രാഷ്ട്രനായകരെയും സ്ത്രീകളും കുട്ടികളുമടക്കമുള്ള സാധാരണക്കാരെയും കൊന്നൊടുക്കുകയും ആശുപത്രികളും വിദ്യാലയങ്ങളുമടക്കം നശിപ്പിക്കുകയും വിഭവങ്ങള്‍ കൊളളയടിക്കുകയും ചെയ്യുന്ന അമേരിക്ക-ഇസ്രായേല്‍ ഭീകര കൂട്ടുകെട്ടിനെതിരേ ലോകം ഒന്നിക്കണം.
ആഗോള സമ്പദ്ഘടനയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന ഇസ് ലാമിക രാജ്യങ്ങളെ അകാരണമായി ആക്രമിക്കുന്നത് നീതീകരിക്കാവതല്ല. ഗള്‍ഫ് രാഷ്ട്രങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണം. യുദ്ധം കാരണം ഫ്ലൈറ്റ് റദ്ദായും മറ്റും ജോലി സ്ഥലങ്ങളിലേക്ക് യഥാസമയം എത്തിപ്പെടാന്‍ കഴിയാത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ വിസാ കാലാവധി ദീര്‍ഘിപ്പിച്ചും മറ്റും ജോലി ഉറപ്പു വരുത്താന്‍ സര്‍ക്കാറുകളുടെ ശ്രദ്ധ വേണം. ഇസ്‌ലാമിക ലോകത്തിന്റെ പുണ്യഗേഹങ്ങളുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താനും ആരാധനകള്‍ക്ക് മുടക്കം വരാതിരിക്കാനും മേഖലയില്‍ സമാധാനം പുലരാനും വിശ്വാസികള്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
കെഎന്‍എം മര്‍കസുദഅവ സംസ്ഥാന വൈസ് പ്രസിഡണ്ട് എഞ്ചി. അബ്ദുല്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് സി പി ഉമര്‍ സുല്ലമി, ജനറല്‍ സെക്രട്ടറി എം അഹമ്മദ്കുട്ടി മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, പ്രൊഫ.കെ പി സകരിയ്യ, കെ പി അബ്ദുറഹിമാന്‍ സുല്ലമി, എ ടി ഹസ്സന്‍ മദനി, കെ എ സുബൈര്‍, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ എം കുഞ്ഞമ്മദ് മദനി, സി മമ്മു കോട്ടക്കല്‍, എം കെ മൂസ മാസ്റ്റര്‍, എം ടി മനാഫ് മാസ്റ്റര്‍, കെ എന്‍ സുലൈമാന്‍ മദനി, ഡോ.ഫുഖാര്‍ അലി, സുഹൈല്‍ സാബിര്‍, കെ പി മുഹമ്മദ് വയനാട്, സലീം കരുനാഗപ്പള്ളി, ഡോ.എ പി നൗഷാദ്, ഡോ.ഇസ്മായില്‍ കരിയാട്, ഫൈസല്‍ നന്മണ്ട, ബിപിഎ ഗഫൂര്‍, കെ പി അബ്ദുറഹീം ഖുബ, അബ്ദുറഷീദ് ഉഗ്രപുരം, പി അബ്ദുസലാം മദനി, ഡോ. ഐ പി അബ്ദുസ്സലാം, പ്രൊഫ. ഷംസുദ്ദീന്‍ പാലക്കോട്, ഇ ഐ സിറാജ് മദനി,സി അബ്ദുലത്തീഫ് മാസ്റ്റര്‍, അദീബ് പൂനൂര്‍ പ്രസംഗിച്ചു.
