റഷീദ് മൗലവിയുടെ വിയോഗം വലിയ നഷ്ടം: പിഡിപി

Update: 2021-01-21 15:14 GMT

കൊച്ചി: പിഡിപി സംസ്ഥാന വൈസ് ചെയര്‍മാനും അന്‍വാര്‍ശ്ശേരി സ്ഥാപനങ്ങളിലെ അധ്യാപകനും ദക്ഷിണ കേരളത്തിലെ പ്രമുഖ പണ്ഡിതനുമായ യു കെ അബ്ദുല്‍ റഷീദ് മൗലവിയുടെ നിര്യാണത്തില്‍ പിഡിപി കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിയുടെ രൂപീകരണ കാലഘട്ടം മുതല്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും, അന്‍വാര്‍ശ്ശേരി സ്ഥാപനങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തിരുന്ന യു കെ മൗലവി അബ്ദുന്നാസിര്‍ മഅ്ദനിയുടെ വിശ്വസ്തനും പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ താങ്ങായി നിലയുറപ്പിച്ച നേതാവുമായിരുന്നു.

ശാരീരിക പ്രയാസങ്ങള്‍ക്കിടയിലും സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന യു കെ മൗലവിയുടെ നിര്യാണം പാര്‍ട്ടിക്കും മര്‍ദ്ദിതപക്ഷ രാഷ്ട്രീയത്തിനും വലിയ നഷ്ടമാണെന്ന് പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി എം അലിയാര്‍ പറഞ്ഞു.

മൈനാഗപ്പിള്ളി ബാദുഷ മന്‍സിലില്‍ യു കെ അബ്ദുല്‍ റഷീദ് മൗലവി (69) അസീസിയ മെഡിക്കല്‍ കോളജിലാണു മരിച്ചത്. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. അന്‍വാര്‍ശ്ശേരി സ്ഥാപനങ്ങളുടെ തുടക്കം മുതല്‍ പ്രവര്‍ത്തിക്കുകയും അധ്യാപകനായി സേവനം ചെയ്തുവരികയുമായിരുന്നു. പിഡിപി രൂപീകരണ കാലഘട്ടം മുതല്‍ അബ്ദുന്നാസിര്‍ മഅ്ദനിയോടൊപ്പം നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ തഴവ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ സഹോദരി റാഹീമ. മക്കള്‍: ബാദുഷ(പിഡിപി കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി), സൂഫിയ, മിദ്‌ലാജ്, ഫൗസിയ, അന്‍വര്‍ഷാ. മരുമക്കള്‍: അബ്ദുല്‍ വാഹിദ്, ഷീജ.

ഖബറടക്കം രാവിലെ മൈനാഗപ്പള്ളി ചെറുപിലാക്കല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും.

Similar News