കെ വി വിജയദാസിന് നാളെ നിയമസഭ ആദരമര്‍പ്പിക്കും; സംസ്‌കാരം രാവിലെ 11ന്

Update: 2021-01-18 17:58 GMT

തിരുവനന്തപുരം: അന്തരിച്ച സിപിഎം എംഎല്‍എ കെ വി വിജയദാസിന് നാളെ നിയമസഭ ആദരമര്‍പ്പിക്കും. നിയമസഭാ സമ്മേളനം തിരുവനന്തപുരത്ത് പുരോഗമിക്കുന്നതിനിടെയാണ് സഭയില്‍ കോങ്ങാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ.വി.വിജയദാസ് എംഎല്‍എയുടെ മരണവാര്‍ത്ത വരുന്നത്. അന്തരിച്ച അംഗത്തിന് ആദരമര്‍പ്പിച്ച് സഭ നാളെ പിരിയും. നാളത്തെ കാര്യപരിപാടികള്‍ മറ്റന്നാളത്തേക്ക് മാറ്റിവച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

നിലവില്‍ തൃശ്ശൂര്‍ മെഡി.കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന കെ.വി.വിജയദാസിന്റെ മൃതദേഹം നാളെ രാവിലെ സ്വദേശമായ എലപ്പുള്ളിയിലേക്ക് കൊണ്ടു പോകും. രാവിലെ 7 മുതല്‍ വീട്ടില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് എലപ്പുള്ളി സര്‍ക്കാര്‍ സ്‌കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. പത്ത് മണിയോടെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിക്കുന്ന മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വച്ച ശേഷം പതിനൊന്ന് മണിയോടെ സംസ്‌കരിക്കും.

കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ് കെ.വി.വിജയദാസിന്റെ അകാലവിയോഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ഷക കുടുംബത്തില്‍ നിന്ന് പൊതുരംഗത്തേക്ക് വന്ന അദ്ദേഹം കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി ത്യാഗപൂര്‍വമായി പ്രവര്‍ത്തിച്ചു. പാലക്കാട് ജില്ലയില്‍ സിപിഐഎമ്മിന്റെ വളര്‍ച്ചയില്‍ വലിയ സംഭാവന നല്‍കിയ നേതാവായിരുന്നു വിജയദാസെന്നും മുഖ്യമന്ത്രി അനുശോചന കുറിപ്പില്‍ പറഞ്ഞു.

കെ.വി.വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. ഒരു സാധാരണക്കാരനായി ജീവിതം ആരംഭിച്ച്, ജനോപകാരപ്രദമായ ധാരാളം സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ നേതൃനിരയില്‍ എത്തിയ ആളാണ് അദ്ദേഹം. സഹകരണ പ്രസ്ഥാനത്തിനും, സഹകരണ ബാങ്കുകളുടെ വളര്‍ച്ചയ്ക്കും അദ്ദേഹം നല്‍കിയ സംഭാവന സ്തുത്യര്‍ഹമാണ്. അദ്ദേഹത്തിന്റെ വിയോഗം കുടുംബത്തിനെന്ന പോലെ പാര്‍ട്ടിയ്ക്കും നാടിനു തന്നെയും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് സ്പീക്കര്‍ പറഞ്ഞു.

Similar News