കെ വി വിജയദാസ് എംഎല്‍എയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

Update: 2021-01-12 17:43 GMT

തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അതീവഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തുടരുന്നു. സിടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിന്റെ രക്തസ്രവമുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി തൃശൂര്‍ മെഡിക്കല്‍ കോളജ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

കൊവിഡ് പൊസീറ്റിവായതിനെ തുടര്‍ന്ന് ഡിസംബര്‍ 11ാണ് വിജയദാസിനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് മുക്തി നേടിയെങ്കിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തുടരുകയായിരുന്നു.

തലച്ചോറിലുണ്ടായ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാണ് ന്യൂറോ സര്‍ജന്‍മാരുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയതെന്നും എംഎല്‍എയുടെ നില അതീവഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ കെ.വി.വിജയദാസ് പാലക്കാട് ജില്ലയിലെ കോങ്ങാട് നിയോജകമണ്ഡലത്തിന്റെ പ്രതിനിധീകരിച്ചാണ് നിയമസഭയില്‍ എത്തിയത്. നേരത്തെ പാലക്കാട് ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി പ്രവര്‍ത്തിച്ച വിജയദാസ് 2011ലും കോങ്ങാട് നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

Similar News