താഹയെ ജയിലിലേക്ക് തിരിച്ചയച്ച ഹൈക്കോടതി വിധി ജനാധിപത്യവിരുദ്ധം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ കീഴ്‌ക്കോടതിയുടെ ജാമ്യ ഉത്തരവ് അസ്ഥിരപ്പെടുത്തുകയും താഹ ഫസലിനെ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്ത കേരള ഹൈക്കോടതി വിധിയില്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ശക്തമായ പ്രതീഷേധം രേഖപ്പെടുത്തി.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹാ ഫസലിനെ ജയിലിലേക്ക് അയച്ച ഹൈക്കോടതി വിധി ജനാധിപത്യവിരുദ്ധവും അനീതിയുമാണ്. 11 മാസക്കാലം തടവില്‍ കഴിഞ്ഞ ത്വാഹാക്കും അലനും എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ അനുവദിച്ചു കൊണ്ടാണ് കേരളം ഹൈക്കോടതി താഹാ ഫസലിനെ ജയിലിലേക്കു അയക്കാന്‍ ഉത്തരവിട്ടത്. കൂട്ടു പ്രതിയായ അലന്റെ പ്രായവും വിഷാദരോഗത്തിന് ചികിത്സയിലാണ് എന്നതും കണക്കിലെടുത്ത് ജാമ്യത്തില്‍ തുടരാന്‍ കോടതി അനുവദിച്ചു. എന്നാല്‍ താഹ ഫസലിന്റെ കാര്യത്തില്‍ ഇത്തരത്തില്‍ യാതൊരുപരിഗണനകളും നല്‍കാന്‍ കോടതി തയാറായതുമില്ല.
യുഎപിഎ കേസുകളില്‍ കുറ്ററാരോപിതനായാല്‍ ഇനി ജാമ്യം സാധ്യമല്ല എന്ന അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലേക്കാണ് ഹൈക്കോടതിയുടെ വിധി നമ്മുടെ നീതിന്യായ സംവിധാനത്തെ എത്തിച്ചിരിക്കുന്നത്. ഒരു എഫ്‌ഐആറും, തൊണ്ടിയായി രണ്ടു പുസ്തകവും കുറച്ച് നോട്ടിസും കൂടി ചേര്‍ത്ത് വച്ചാല്‍ ആരെയും യുഎപിഎ പ്രകാരം കേസെടുത്ത്, ഭരണകൂടത്തിന് താത്പര്യമുള്ളിടത്തോളം കാലം തടവിലിടാം എന്നതാണ് ഈ വിധി മൂലം ഉണ്ടായിട്ടുള്ള ദുരവസ്ഥ. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് ഹരി, സെക്രട്ടറി സി പി റഷീദ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
രാഷ്ട്രീയ എതിരാളികളെയും വിമതരെയും, അടിച്ചമര്‍ത്താനും, ചിന്തകള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും മേല്‍ പോലീസിംഗ് ഏര്‍പ്പെടുത്താനും കഴിയും വിധം പോലിസ് അധികാരത്തെ കയറൂരി വിടുന്നു എന്നതാണ് ഈ വിധിയിലെ ജനാധിപത്യവിരുദ്ധത.
ജാമ്യം ആണ് നീതി എന്ന നിയമതത്വം യുഎപിഎ കേസില്‍ ബാധകമല്ലെന്ന് ഈ വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.ഇത് സൃഷ്ടിക്കുന്ന അപകടം ചെറുതല്ല. കീഴ്‌ക്കോടതി വിശദമായി പരിശോധിച്ചു പ്രതികള്‍ക്കെതിരെയുള്ള കുറ്റാരോപണം ശരിയാണെന്ന് വിശ്വസിക്കാന്‍ തക്ക തെളിവില്ലെന്ന് കണ്ടെത്തിയത് തെറ്റാണെന്നും ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ വിശദമായ പരിശോധന നടത്തേണ്ടെന്നും കേസ് ഡയറി പരിശോധിച്ച് മൊത്തത്തില്‍ കുറ്റാരോപണം വിശ്വസിക്കാന്‍ തക്ക വസ്തുതകള്‍ ഉണ്ടോ എന്ന് മാത്രമാണ് നോക്കേണ്ടതെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. 2019 ല്‍ സുപ്രീം കോടതിയുടെ വാടാലി കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ഒരു നിരീക്ഷണം കോടതി നടത്തുന്നത്. യു.എ.പി.എ നിയമത്തിലെ 43(5)ഡി വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഇപ്രകാരം പറയുന്നത്. അനഭിമതരെ ദീര്‍ഘകാലം തടവറയില്‍ അടക്കാന്‍ വേണ്ടി മാത്രമാണ് ഈ നിയമം എന്ന മനുഷ്യാവകാശപ്രവര്‍ത്തകരുടെ വിമര്‍ശനത്തെ ശരി വെക്കുന്നതാണ് ഈ വ്യാഖ്യാനമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

