വാളയാര്‍ കേസില്‍ പുനരന്വേഷണമാണ് നടക്കേണ്ടത്: വിമന്‍ ജസ്റ്റിസ്

Update: 2021-01-06 14:48 GMT

പാലക്കാട്: വാളയാര്‍ കേസില്‍ പുനരന്വേഷണമാണ് നടക്കേണ്ടതെന്നും എങ്കിലേ നീതി ലഭിക്കുകയുള്ളുവെന്നും വിമന്‍ ജസ്റ്റിസ് സംസ്ഥാന

പ്രസിഡന്റ് ജബീന ഇര്‍ഷാദ് പ്രസ്താവനയില്‍ അറിയിച്ചു. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമ്പോള്‍ സര്‍ക്കാര്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ഇത് ഒളിച്ചു കടത്തലാണ്. പ്രതികളെ സര്‍ക്കാറിന്റെ വീഴ്ച കാരണം കീഴ്‌ക്കോടതി വെറുതെ വിട്ടപ്പോള്‍ ഉണ്ടായ ശക്തമായ ജനകീയ പ്രതിഷേധങ്ങളെ നേരിടാനാവാതെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.

പുനര്‍വിചാരണ നടത്തുമ്പോള്‍ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ മാത്രമേ അന്വേഷണ പരിധിയില്‍ വരുകയുള്ളൂ. മുഴുവന്‍

പ്രതികളെയും പിടികൂടാന്‍ സാധിക്കില്ല. പുനരന്വേഷണത്തിലൂടെ മാത്രമേ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ.

കേസില്‍ വീഴ്ച വരുത്തിയ എല്ലാ ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണം. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഡിവൈഎസ്പി സോജനെ സര്‍ക്കാര്‍ എസ്പിയാക്കി പ്രമോഷന്‍ നല്‍കുകയാണ് ചെയ്തത്.

കുട്ടികളുടെ അമ്മ ,കേരള പോലിസില്‍ വിശ്വാസമില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും അതിന് ഹൈകോടതി മേല്‍നോട്ടം വഹിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്.

വിമന്‍ ജസ്റ്റിസ് നീതി ലഭിക്കുംവരെ കൂടെയുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

Similar News