സയ്യിദ് സ്വലാഹുദ്ദീന്‍ വധക്കേസ്: ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ദാസ്യം വീണ്ടും തെളിയിച്ചു- എസ്ഡിപിഐ

Update: 2020-12-05 08:15 GMT


തിരുവനന്തപുരം: കണ്ണൂര്‍ കണ്ണവത്തെ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സ്വലാഹുദ്ദീനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ഉന്നത നേതാക്കളെ ഒഴിവാക്കി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിലൂടെ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ആര്‍.എസ്.എസ് ദാസ്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ആര്‍.എസ്.എസ് നടത്തിയ ആസൂത്രിത കൊലപാതകത്തില്‍ കൊടുംകുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. സഹോദരിമാരോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സ്വലാഹുദ്ദീനെ അതീവ ആസൂത്രണത്തിലൂടെയാണ് കൊലപ്പെടുത്തിയത്. ബൈക്കുകൊണ്ട് കാറിന്റെ പിന്നില്‍ ഇടിപ്പിച്ച കൊലയാളി സ്വലാഹുദ്ദീനോട് സഹായം അഭ്യര്‍ത്ഥിക്കുകയും സഹായിക്കാനെത്തിയ അദ്ദേഹത്തെ നിഷ്‌ക്കരുണം വെട്ടി നുറുക്കുകയുമായിരുന്നു. മരണത്തോടുമല്ലടിക്കുന്ന യുവാവിനെ റോഡരികിലേക്ക് തള്ളി മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം അവിടെ നിന്നു പോയത്. കൊലപാതകത്തിന് മാസങ്ങള്‍ക്കു മുമ്പു തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ജങ്ഷനില്‍ സ്വലാഹുദ്ദീന്റെ ഫോട്ടോ വെച്ച ഫ്‌ളക്‌സ് ആര്‍.എസ്.എസ്സുകാര്‍ സ്ഥാപിച്ചിരുന്നു. ഇത്ര ആസൂത്രിതമായി നടത്തിയ കൊലപാതകത്തെയാണ് രാഷ്ട്രീയ വൈരാഗ്യമെന്ന് നിസ്സാരവല്‍ക്കരിക്കുന്നത്. കൊലപാതകത്തില്‍ ആര്‍.എസ്.എസ്സിന്റെ ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ല. ആര്‍.എസ്.എസ്സിനെതിരേ പോസ്റ്റര്‍ പതിക്കുമ്പോഴും മുദ്രാവാക്യം വിളിക്കുമ്പോഴും രാജ്യദ്രോഹവും, മതസ്പര്‍ദ്ദയും സാമുദായിക കലാപവും നടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അനിശ്ചിതമായി തടവിലാക്കുന്ന പിണറായി പോലീസാണ് അരുംകൊല നടത്തിയ ആര്‍.എസ്.എസ് അക്രമികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ചുരിയില്‍ പള്ളിയില്‍ ഉറങ്ങിക്കിടന്ന മതപണ്ഡിതനെ ആര്‍.എസ്.എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ അത് മദ്യപിച്ച് ലക്കില്ലാതെ നടത്തിയ കൊലപാതകം മാത്രമായിരുന്നു പിണറായി പോലീസിന്. പാലത്തായി ബാലികാ പീഡനക്കേസിലും ഇതുതന്നെയാണ് ആവര്‍ത്തിക്കുന്നത്. ഇത് രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ആര്‍.എസ്.എസ് ഉപദേഷ്ടാക്കളുടെ കെണിയില്‍ വീണ് അവര്‍ക്ക് ദാസ്യവേല ചെയ്യുന്ന ആഭ്യന്തര വകുപ്പിനെതിരേ ശക്തമായ പ്രതിഷേധവും നിയമപോരാട്ടങ്ങളും നടത്തുമെന്നും അബ്ദുല്‍ ജബ്ബാര്‍ മുന്നറിയിപ്പു നല്‍കി.

Similar News