ശബരിമല യുവതീപ്രവേശനം: നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്

Update: 2026-03-02 10:31 GMT

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുന്‍പ് സ്വീകരിച്ച നിലപാടില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറി. 2018ലെ യുവതീപ്രവേശന വിധിയെ എതിര്‍ക്കുകയും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രിംകോടതിയില്‍ അറിയിക്കാനുമാണ് ബോര്‍ഡിന്റെ പുതിയ നിലപാട്.

കാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ബോര്‍ഡിന്റെ നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തീരുമാനം സുപ്രിംകോടതിയെ ഔദ്യോഗികമായി അറിയിക്കാനായി ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയതായും അറിയിച്ചു. ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടതുതന്നെ ക്ഷേത്രങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, അതിനാല്‍ തന്നെ വിശ്വാസികളുടെ വികാരങ്ങള്‍ പരിഗണിച്ചുള്ള നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് 15നകം വിഷയത്തില്‍ ബന്ധപ്പെട്ട കക്ഷികളുടെ നിലപാട് അറിയിക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് ബോര്‍ഡ് യോഗം ചേര്‍ന്നത്. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിക്കണമെന്ന ഏകകണ്ഠമായ തീരുമാനമാണ് യോഗത്തില്‍ ഉണ്ടായത്. 2018ലെ യുവതീപ്രവേശന വിധിയെ പിന്തുണയ്ക്കില്ലെന്നും, ഈ തീരുമാനം സുപ്രിം കോടതിയെ അറിയിക്കുമെന്നും ബോര്‍ഡ് അറിയിച്ചു.

അതേസമയം, 2020ല്‍ യുവതീപ്രവേശന വിധി പുനപരിശോധിക്കണമെന്ന ഹരജി പരിഗണിക്കുമ്പോള്‍ വിധി പുനപരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അന്ന് ബോര്‍ഡിന്റെ അഭിഭാഷകന്‍ അതിനെ സാധൂകരിക്കുന്ന വാദങ്ങളും സുപ്രിംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വിധി പുനപരിശോധിക്കണം എന്ന നിലപാടിലേക്കാണ് ദേവസ്വം ബോര്‍ഡ് നീങ്ങുന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Tags: