തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്കുളള തപാൽ വോട്ട് ഇന്നുമുതൽ. ആദ്യം വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേക്കുളള തപാൽ വോട്ടെടുപ്പാണ് തുടങ്ങുന്നത്. 5,331 പേരെയാണ് ഇതുവരെ പ്രത്യേക വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയത്. കൊവിഡ് രോഗികൾ താമസിക്കുന്ന വീടുകൾ, ആശുപത്രികൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവിടങ്ങളിൽ സ്പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലുളള സംഘം എത്തിയാണ് വോട്ടിനുളള സംവിധാനം ഒരുക്കുന്നത്.
പിപിഇ കിറ്റ് ധരിച്ചാണ് ഉദ്യോഗസ്ഥരെത്തുന്നത്. വോട്ടറും കിറ്റ് ധരിച്ചിരിക്കണം. ആളെ തിരിച്ചറിയാനാകുന്നില്ലെങ്കിൽ മുഖം കാണിക്കണമെന്ന് പോളിങ് ഓഫീസർക്ക് ആവശ്യപ്പെടാം. ഇവർ നൽകുന്ന ബാലറ്റ് പേപ്പറിൽ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിക്ക് നേരെ പേന ഉപയോഗിച്ച് ടിക്ക് മാർക്ക് ക്രോസ് മാർക്കോ ചെയ്ത് കവറിലിട്ട് ഒട്ടിച്ച് മടക്ക് നൽകണമെന്നാണ് നിർദ്ദേശം.തപാലിൽ അയക്കേണ്ടവർക്ക് ആ രീതി സ്വീകരിക്കാം. ഇതിനുശേഷം ഓഫീസർ കൈപ്പറ്റ് രസീത് നൽകും. സാധാരണ വോട്ടെടുപ്പ് പോലെ വോട്ടറുടെ വിരലിൽ മഷി പുരട്ടില്ല.