കൺട്രോൾറൂമിന്റെയും ഫെസിലിറ്റേഷൻ സെന്ററിന്റെയും പ്രവർത്തനം നിർത്തി

Update: 2020-11-30 07:50 GMT


തൃശൂർ: ജില്ലയിൽ പൊതുഗതാഗത സംവിധാനവും ബസ് സർവ്വീസുകളും പൂർവ്വസ്ഥിതിയിലായ സാഹചര്യത്തിൽ വികെഎൻ ഇൻഡോർ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കൺട്രോൾറൂം, ഫെസിലിറ്റേഷൻ സെന്റർ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. കൊവിഡ് രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്ന മലയാളികളുടെ യാത്രാസൗകര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി താൽക്കാലികമായി ആരംഭിച്ചതായിരുന്നു ഇവ.

24 മണിക്കൂറും പ്രവർത്തിച്ചിരുന്ന കൺട്രോൾ റൂം, ഫെസിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലേക്ക് ജില്ലാ നോഡൽ ഓഫീസറേയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. എന്നാൽ പൊതുഗതാഗതം പൂർവസ്ഥിതിയിലായതോടെ ഫെസിലിറ്റേഷൻ സെന്ററിൽ യാത്രക്കാർ വിരളമായി വരാറുള്ളൂ എന്ന നോഡൽ ഓഫീസറുടെ അറിയിപ്പിനെ തുടർന്നാണ് പ്രവർത്തനം നിർത്തിയത്. ഇവിടുത്തെ ജീവനക്കാരെ പ്രസ്തുത ഡ്യൂട്ടിയിൽ നിന്ന് ഉടൻ വിടുതൽ ചെയ്യേണ്ടതും അതത് ഓഫീസ് മേധാവികൾ ജീവനക്കാരെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ബന്ധപ്പെട്ട റെക്കാർഡുകൾ തൃശ്ശൂർ തഹസിൽദാർക്ക് നോഡൽ ഓഫീസർ കൈമാറണം.