പയ്യോളി: കേരളത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ - പബ്ലിക് ഹെൽത്ത് നേഴ്സ് വിഭാഗം ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാന വ്യാപകമായി ഒക്ടോബർ 20-21 തിയ്യതികളിൽ കരിദിനമാചരിക്കുന്നു. ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിൽ ബി.എസ്.സി നഴ്സുമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കുക,
ജനസംഖ്യാനുപാതികമായി ജെ.പി.എച്ച്.എൻ, ജെ.എച്ച്.ഐ മാരെ നിയമിക്കുക,തദ്ദേശ സ്വയം ഭരണ ഏകോപനം വരുമ്പോൾ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ തദ്ദേശ സ്വയം ഭരണ പൊതുജനാരോഗ്യ വിഭാഗത്തിലേക്ക് പുനർ വിന്യസിക്കുക,
ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് സ്റ്റാറ്റ്യൂട്ടറി യൂണിഫോം അനുവദിക്കുക, പബ്ലിക് ഹെൽത്ത് നഴ്സ്, ടെക്നിക്കൽ അസിസ്റ്റന്റ് പ്രമോഷൻ ഉടൻ നടപ്പിലാക്കുക, സബ് സെന്ററുകളിൽ ഓൺലൈൻ വർക്കുകൾക്ക് ആവശ്യമായ അടിസ്ഥാന സംവിധാനങ്ങൾ ഏർപ്പെടുത്തുക,കേരള സ്റ്റേറ്റ് എപ്പിഡമിക് ഡിസീസ് ഓർഡിനൻസിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ വിഭാഗത്തെ ഒഴിവാക്കിയത് പുന:പരിശോധിക്കുക,
പൊതുജനാരോഗ്യ - രോഗപ്രതിരോധ - മാതൃശിശു സംരക്ഷണ വിഭാഗം ജീവനക്കാർക്ക് റിസ്ക് അലവൻസ് അനുവദിക്കുക,
ആരോഗ്യ വകുപ്പിലെ സ്ഥലം മാറ്റം നീതിപൂർവ്വവും , മാനദണ്ഡങ്ങൾ അനുസരിച്ചും പൂർണ്ണമായും ഓൺലൈൻ വഴി ആക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കരിദിനം ആചരിക്കുന്നത്. പൊതുജനങ്ങൾക്ക് കൊവിഡ് - 19 രോഗപ്രതിരോധമടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കി മേലധികാരികളിലേക്ക് റിപ്പോർട്ട് സമർപ്പിക്കാതെ നടത്തുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ യോഗത്തിൽ ജില്ലാ ചെയർപേഴ്സൺ ലത പറമ്പത്ത് അദ്ധ്യക്ഷയായി. ജില്ലാ കൺവീനർ കെ.ജയരാജൻ, ടി.ഷീബ, എൻ.പി ഹമീദ്,കെ. ജയലക്ഷ്മി,കെ.കെ.ബാബു ,
എം.കെ.ജയകൃഷ്ണൻ, മേരിക്കുട്ടി,പി.വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
