ശസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികില്‍സാപിഴവ്; ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷത്തിനു നല്‍കുന്ന മരുന്ന് കുത്തിവച്ചു

Update: 2026-03-03 06:33 GMT

ശാസ്താംകോട്ട: ശസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തിവച്ചെന്ന് പരാതി. ശാസ്താംകോട്ട വേങ്ങ സ്വദേശിയായ പതിനെട്ടുകാരിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ ബന്ധുക്കള്‍ ഡിഎംഒയ്ക്കു പരാതി നല്‍കി. വിഷയം അന്വേഷിക്കുന്നതിന് ഡിഎംഒ ആഭ്യന്തര അന്വേഷണസമിതിയെ നിയമിച്ചു.

ശ്വാസതടസ്സവുമായി വന്ന യുവതിക്ക് പേവിഷത്തിനു നല്‍കുന്ന മരുന്നിന്റെ ടെസ്റ്റ് ഡോസ് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് പരാതി.പനിയും ശ്വാസതടസ്സവുമായി ചികില്‍സയ്‌ക്കെത്തിയ യുവതിയെ ഡോക്ടര്‍ പരിശോധിച്ചശേഷം കുത്തിവെപ്പെടുക്കാന്‍ നിര്‍ദേശിച്ചു.

അതേസമയത്ത് നായയുടെ കടിയേറ്റ ഒരാളും അവിടെയുണ്ടായിരുന്നു. രണ്ട് നഴ്സുമാരാണ് മുറിയിലുണ്ടായിരുന്നത്. നായ കടിച്ചയാളിനുള്ള വാക്‌സിന്റെ ടെസ്റ്റ് ഡോസ് സിറിഞ്ചില്‍ നിറച്ചിട്ട് നഴ്സ് ശ്വാസംമുട്ടലിനുള്ള മരുന്നെടുക്കാന്‍ അകത്തേക്ക് പോയി. ആ സമയം മറ്റേ നഴ്സ് ശ്വാസതടസ്സത്തിനുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച് പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്‍ നിറച്ചുവെച്ച സിറിഞ്ചെടുത്ത് യുവതിക്ക് കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപോര്‍ട്ട്.

മരുന്നുമാറി കുത്തിവെച്ചതായാണ് അറിയുന്നതെന്നും ചൊവ്വാഴ്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുകയുള്ളെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ഷഹാനാ മുഹമ്മദ് പറഞ്ഞു.സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താത്കാലിക നഴ്സിനെ പരാതിയെ തുടര്‍ന്ന് മാറ്റിനിര്‍ത്തി.

Tags: