കീഴാറ്റൂര്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ വീടുകളിലേക്ക് മടങ്ങി; പഞ്ചായത്ത് നിരീക്ഷണ പട്ടികയില്‍ത്തന്നെ
പെരിന്തല്‍മണ്ണ: കീഴാറ്റൂര്‍ പഞ്ചായത്തിലെ കൊറോണ കെയര്‍ കേന്ദ്രമായ കിഴാറ്റൂര്‍ അല്‍ശിഫ ഫാര്‍മസി കോളേജില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന കീഴാറ്റൂര്‍ സ്വദേശികള്‍ നിരീക്ഷണകാലാവധി പൂര്‍ത്തിയാക്കി വീടുകളിലേക്ക് മടങ്ങി. നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ക്ക് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. കീഴാറ്റൂരില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏപ്രില്‍ ആറിനാണ് അല്‍ശിഫ ഫാര്‍മസി കോളേജ് കൊറോണ കെയര്‍ സെന്ററായി പ്രവര്‍ത്തനം തുടങ്ങിയത്.
വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇവിടെ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയത്. പിന്നീട് സമീപ പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ 52 പേരെ കൂടി ഇവിടെ എത്തിച്ചു.
നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ 28 പേര്‍ ശനിയാഴ്ചയും, 11 പേര്‍ തിങ്കളാഴ്ചയും വീടുകളിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച പത്തു പേര്‍ കൂടി നിരീക്ഷണ കാലവധി പൂര്‍ത്തിയാക്കിയതോടെ കൊറോണ കെയര്‍ സെന്ററിലുണ്ടായിരുന്ന കീഴാറ്റൂര്‍ സ്വദേശികള്‍ മുഴുവന്‍ വീടുകളിലെത്തി. ഇവര്‍ക്കാണ് ഗ്രാമ പ്പഞ്ചായത്ത് യാത്രയയപ്പ് നല്‍കിയത്.
നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ സംതൃപ്തിയോടെ മടങ്ങുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടന്നും വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. നിസാര്‍ പറഞ്ഞു. മധുരം നല്‍കിയാണ് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് ഗ്രാമ പഞ്ചായത്ത് യാത്രയയപ്പ് നല്‍കിയത്. അതേസമയം പഞ്ചായത്തിനെ ജില്ലയില്‍ അതീതീവ്ര പ്രദേശ പട്ടികയില്‍ തന്നെയാണ് തുടരുന്നത്.
