തിരുവനന്തപുരം മെഡിക്കൽ കോളജ് തീപിടിത്തം; അഞ്ചു രോഗികൾ മരിച്ചതിൽ ആരോപണവുമായി ബന്ധുക്കൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷല്‍റ്റി വെന്‍റിലേറ്റര്‍ യൂണിറ്റിലെ തീപിടിത്തശേഷം അഞ്ചു രോഗികൾ മരിച്ചതിൽ ആരോപണവുമായി ബന്ധുക്കൾ .
ബൈക്കില്‍ നിന്ന് വീണ് പരുക്കേറ്റ് ചികില്‍സയിലായിരുന്ന നെയ്യാറ്റിന്‍കര സ്വദേശി 38കാരന്‍ സനീഷ്, ഓട്ടോ ഇടിച്ച് പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആയൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി , കാര്‍ ഓട്ടോയില്‍ ഇടിച്ച് പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ റഹീം, വാഹനാപകടത്തില്‍ പരുക്കേറ്റ ചിറയിന്‍കീഴ് സ്വദേശി ഓമന അമ്മ , ബാലരാമപുരം സ്വദേശി ശ്രീധരന്‍ എന്നിവരാണ് മരിച്ചത്.
അഗ്നിബാധയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ മാറ്റിയതാണ് മരണകാരണമെന്ന് മരിച്ച നെയ്യാറ്റിന്‍കര സ്വദേശി സനീഷിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ വെന്‍റിലേറ്ററില്‍ അഗ്നിബാധയുണ്ടായത് ചൊവ്വാഴ്ചയാണ്. തൊട്ടടുത്ത മണിക്കൂറുകളില്‍ അഞ്ചു പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ മരണവും തീപിടിത്തവും തമ്മിൽ ബന്ധമൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.