ഊര്‍ങ്ങാട്ടിരിയില്‍ സമൂഹ അടുക്കള നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം

Update: 2020-04-17 05:08 GMT

അരീക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ആരംഭിച്ച സമൂഹ അടുക്കള കൂടിയാലോചനകളില്ലാതെ നിര്‍ത്തിവച്ചതിനെതിരേ പ്രതിഷേധം പുകയുന്നു. പഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കമുള്ളവരും പ്രതിഷേധത്തിന്റെ ഭാഗമായി.

ആവശ്യമെങ്കില്‍ പൊതുജനത്തില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും സമൂഹ അടുക്കള നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് തെരട്ടമ്മല്‍ എ എം യുപി സ്‌കൂളില്‍ നിന്ന് 50 കിലോയുടെ 27 ചാക്ക് അരി, വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ വിഹിതമായി ലഭിച്ച അരിയും പലവ്യഞ്ജനങ്ങളും മറ്റു സ്‌കൂളുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും ലഭിച്ച വിഹിതങ്ങള്‍-ഇതൊക്കെ ഉപയോഗിച്ച് തുടങ്ങിയ സമൂഹ അടുക്കളയിലൂടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും അശരണരും അഗതികളായവര്‍ക്കുമാണ് ഭക്ഷണമെത്തിച്ചിരുന്നത്. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കെട്ടിട ഉടമകള്‍ ഭക്ഷണം നല്‍കണമെന്ന നിര്‍ദേശം നിലവിലുണ്ടെങ്കിലും അത് നടക്കാത്ത സാഹചര്യത്തില്‍ ഇവര്‍ക്കും ഭക്ഷണം നല്‍കിയിരുന്നു.

ഭക്ഷത്തിന് ആവശ്യക്കാരില്ലാത്തതുകൊണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷണം പാഴാക്കി കളയുന്നതു കൊണ്ടുമാണ് സമൂഹ അടുക്കള നിര്‍ത്തലാക്കിയതെന്നാണ് പ്രസിഡന്റ് നല്‍കിയ വിശദീകരണം.

ആദിവാസികളും രോഗികളും വയോജനങ്ങളും ഏറെയുള്ള ഈ മേഖലയില്‍ നിരവധി പേര്‍ക്ക് ഉപകാരപ്രദമായ ഭക്ഷണവിതരണം മുന്നറിയിപ്പില്ലാതെ നിര്‍ത്തിയതില്‍ പഞ്ചായത്ത് ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധമുയരുന്നുണ്ട് 

Similar News