കൊവിഡ് 19: സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാവാത്ത രാജ്യങ്ങള്‍ക്കെതിരേ നിലപാട് കടുപ്പിച്ച് യുഎഇ

Update: 2020-04-12 13:24 GMT

അബൂദബി: തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന സ്വന്തം പൗരന്മാരെ സ്വീകരിക്കാന്‍ തയ്യാറാകാത്ത രാജ്യങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ യുഎഇ തീരുമാനിച്ചു. ഏതു തരം നടപടി എടുക്കണമെന്ന ആലോചനയിലാണ് യുഎഇയുടെ മാനവ വിഭവശേഷി വകുപ്പെന്ന് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ മാതൃരാജ്യം സ്വീകരിക്കാന്‍ തയ്യാറാവാത്തതാണ് യുഎഇ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്. 

ഇതുമായി ബന്ധപ്പെട്ട് വ്യത്യസ്ത സാധ്യതകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഒന്നുകില്‍ ഭാവിയില്‍ ഇത്തരം രാജ്യങ്ങളുടെ പൗരന്മാരെ പൂര്‍ണമായും ഒഴിവാക്കുക, അല്ലെങ്കില്‍ ക്വാട്ട സംവിധാനം കൊണ്ടുവരിക, പ്രസ്തുത രാജ്യവുമായി ഒപ്പിട്ട എംഒയു റദ്ദാക്കുക തുടങ്ങിയ അതില്‍ പെടും. ഏതാണ് സ്വീകരിക്കുകയെന്നത് അതതു രാജ്യവുമായി ബന്ധപ്പെട്ടായിരിക്കും തീരുമാനിക്കുക.

തിരിച്ചുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ച തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് യുഎഇ ഭരണകൂടം കടുത്ത നിലപാടിലേക്ക് നീങ്ങിയത്. പല രാജ്യങ്ങളോടും യുഎഇ സ്വന്തം ചെലവില്‍ വിദേശ പൗരന്മാരെ എത്തിക്കാമെന്ന് പറഞ്ഞതുപോലും സ്വീകരിക്കപ്പെട്ടില്ല. പൗരന്മാരെ തിരിച്ചെടുക്കാന്‍ തയ്യാറാവാത്ത രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു.

ഒന്നുകില്‍ തൊഴിലാളികള്‍ അവധിയിലായിരിക്കുക, അല്ലെങ്കില്‍ ജോലി നഷ്ടപ്പെടുകയോ അവസാനിപ്പിക്കുകയോ ചെയ്യുക ഇങ്ങനെ പല സാഹചര്യത്തിലാണ് പ്രവാസികള്‍ തിരികെപ്പോകേണ്ടിവരുന്നത്. വിദേശ തൊഴിലാളികളുടെ ലീവ് നേരത്തെയാക്കിയും ശമ്പളമില്ലാ അവധി നല്‍കിയും സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ സര്‍ക്കാര്‍ ഈ മാസം തുടക്കത്തില്‍ തന്നെ നിര്‍ദേശിച്ചിരുന്നു.

വിദേശ തൊഴിലാളികളെ ഒഴിവാക്കുക വഴി തങ്ങളുടെ രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ നിന്ന് രക്ഷിച്ചുനിര്‍ത്താമെന്നാണ് യുഎഇ കരുതുന്നത്. 

Similar News