'തന്ത്രിയുടെ അറസ്റ്റിനു പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍'; കൊടിക്കുന്നില്‍ സുരേഷ് എംപി
തന്ത്രി കണ്ഠരര് രാജീവരെ വീട്ടിലെത്തി സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി
ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതിനു പിന്നാലെ തന്ത്രി കണ്ഠരര് രാജീവരെ വീട്ടിലെത്തി സന്ദര്‍ശിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരേ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയമാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. ജയിലില്‍ തനിക്ക് പ്രത്യേകിച്ച് ഒരു സൗകര്യവും കിട്ടിയിരുന്നില്ല. ജയിലില്‍ വളരെ മോശം അനുഭവമായിരുന്നു. യാതൊരു പരിഗണനയും അവിടെ കിട്ടിയില്ല. കൃത്യമായ ചികില്‍സ പോലും ലഭിച്ചില്ലെന്നും തന്ത്രി പറഞ്ഞതായി കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
'ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തില്‍ ഇറങ്ങിയ തന്ത്രി കണ്ഠരര് രാജീവരെ സന്ദര്‍ശിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യങ്ങളെ കുറിച്ചും അദ്ദേഹത്തിനു മേല്‍ ചാര്‍ത്തിയ കുറ്റങ്ങളെ കുറിച്ചും സംസാരിച്ചു. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തെറ്റാണെന്ന് കോടതിക്ക് ബോധ്യമായതിനു പിന്നാലെയാണ് നിരുപാധിക ജാമ്യം നല്‍കിയിരിക്കുന്നത്. അദ്ദേഹത്തോട് യഥാര്‍ഥത്തില്‍ കാണിച്ചിരിക്കുന്നത് വൈരാഗ്യം തന്നെയാണ്. കണ്ഠരര് രാജീവരോട് തീര്‍ത്താല്‍ തീരാത്തത്ര പക ഈ സര്‍ക്കാരിനുണ്ട്. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അവിശ്വാസികളായ യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍, അതിനായി രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് പറഞ്ഞയച്ചപ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയും ശബരിമല നടയടക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്ത കണ്ഠരര് രാജീവരോട് തികഞ്ഞ പകയാണ് പിണറായി സര്‍ക്കാരിനുള്ളത്'. കൊടിക്കുന്നില്‍ പറഞ്ഞു.
അന്യായമായി അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളെ പരിഗണിക്കാനും ഈ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തന്ത്രിയെ അന്യായമായി ഈ കേസില്‍ പ്രതിചേര്‍ത്തതില്‍ നിരവധി അയ്യപ്പഭക്തര്‍ക്ക് പ്രതിഷേധമുണ്ട്. ഇതുമായി ബന്ധപ്പെട്ട് കനത്ത വില ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കേണ്ടിവരുമെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. തന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഡിസ്ചാര്‍ജ് ചെയ്യാന്‍ പോലിസ് തിടുക്കം കാണിച്ചു. ഇക്കാര്യത്തില്‍ വലിയ സമ്മര്‍ദം പോലിസിന് മുകളില്‍ നിന്നുണ്ടായതാണെന്ന് തന്ത്രി പറഞ്ഞിരുന്നുവെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേര്‍ത്തു. തന്ത്രിയുമായി പത്തനംതിട്ടയിലെ വീട്ടില്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്ഐടി സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് രാജീവരെ കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ അറസ്റ്റില്‍ തന്ത്രിക്ക് പിന്തുണയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തി. മന്ത്രിയെ രക്ഷിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും ജാമ്യവിധി പരിശോധിക്കുമ്പോള്‍ എന്തോ പകയോടെയാണ് തന്ത്രിയെ അറസറ്റ് ചെയ്തതെന്ന് മനസിലാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാടിനെതിരെ നിന്നതിലെ പ്രതികാരമാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നില്‍. സര്‍ക്കാരും എസ്ഐടിയും മറുപടി പറയണം. കോടതി നിരീക്ഷണം പരിശോധിക്കുമ്പോള്‍ ഒരു തെളിവ് പോലുമില്ലാതെയാണ് അറസ്റ്റ് എന്ന് മനസ്സിലാകും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഇപ്പോഴത്തെ എസ്ഐടി അന്വേഷണത്തിലെ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കും. അതിനുവേണ്ടി ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.

