പ്രവാസികളുടെ ചികില്‍സക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ സൗദിയിലേക്കയക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-04-12 11:16 GMT

ദമ്മാം: കൊവിഡ് 19 വ്യാപിക്കുകയും മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളില്‍ രോഗം സ്ഥിരീകരിക്കുകയും പലരും ക്വാറന്റീനില്‍ കഴിയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സംവിധാനങ്ങളും മരുന്നു മുള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘത്തെ ഇന്ത്യ അടിയന്തിരമായി സൗദിയിലേക്കയക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി, കേന്ദ്ര കേരള സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു. സൗദിയില്‍ മലയാളികളായ രണ്ട് പേരുടെ മരണം പ്രവാസികള്‍ക്കിടയില്‍ ഭയവും ആശങ്കയും വര്‍ധിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണമുള്ളവരെ മാറ്റി താമസിപ്പിക്കാന്‍ പ്രത്യേകം സംവിധാനങ്ങള്‍ ഒരുക്കാനും രോഗം സ്ഥിരീകരിച്ചവര്‍ക്ക് വിദഗ്ധ ചികില്‍സ നല്‍കാനും അടിയന്തിര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സാഹചര്യമുണ്ടാകും. സൗദിയില്‍ മിക്കയിടങ്ങളിലും മുഴുസമയ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങുന്നവര്‍ക്ക് വന്‍ പിഴകള്‍ ചുമത്തുന്നതുകൊണ്ട് ധാരാളം പേര്‍ തങ്ങളുടെ താമസസ്ഥലങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ജോലിയും ശമ്പളവും ഇല്ലാത്തതിനാല്‍ ആയിരങ്ങള്‍ പട്ടിണിയിലാണ്. ഒറ്റപ്പെടലും അനിശ്ചിതത്വവും രോഗഭീതിയും കാരണം പലരും കടുത്ത മാനസിക പിരിമുറുക്കം നേരിടുന്നുണ്ട്. വല്ലപ്പോഴും സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എത്തിച്ചു നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ക്ക് അല്പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ ദയനീയമായ സാഹചര്യങ്ങളിലേക്ക് എത്തിപ്പെട്ടേക്കാം.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ പകുതിയും മലയാളികളാണ്. ഓരോ വര്‍ഷവും മലയാളി പ്രവാസികള്‍ അയക്കുന്ന ഏതാണ്ട് ഒരു ലക്ഷം കോടി രൂപയാണ് കേരളത്തെ നിലനിര്‍ത്തിപ്പോരുന്നത്. കേരളത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് എത്തിക്കാന്‍ വിയര്‍പ്പൊഴുക്കുകയും പ്രളയം ഉള്‍പ്പെടെ ഓരോ പ്രതിസന്ധികളിലും കേരളത്തിന് കൈത്താങ്ങാവുകയും ചെയ്ത പ്രവാസികളുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ അടിയന്തിര ഇടപെടലുകള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരള സര്‍ക്കാരും മതരാഷ്ട്രീയ നേത്യത്വങ്ങളും മുഴുവന്‍ കേരളീയരും രംഗത്തിറങ്ങണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. 

Similar News