കൊറോണ വൈറസ് ബാധിതരില്‍ കൂടുതല്‍ കറുത്തവര്‍; വംശീയ പരാമര്‍ശവുമായി ട്രംപ്

Update: 2020-04-08 07:16 GMT

വാഷിങ്ടണ്‍ ഡി സി: കൊറോണ വൈറസ് ബാധയ്ക്കിടയിലും വംശീയ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപ്. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തിനെയാണ് കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചതെന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

വൈറ്റ് ഹൗസില്‍ വാര്‍ത്താമാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് ട്രംപിന്റെ വിവാദ പരാമര്‍ശം. രാജ്യത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗത്തെയാണ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചത്. തന്റെ സര്‍ക്കാര്‍ ആ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണെന്നും ട്രംപ് പറഞ്ഞതായി അമേരിക്കന്‍ ന്യൂസ് ഏജന്‍സി സിന്‍ഹുവ റിപോര്‍ട്ട് ചെയ്തു.

ആഫ്രിക്കന്‍ അമേരിക്കന്‍ ജനങ്ങള്‍ക്കിടയിലെ രോഗബാധ ഒട്ടും ആനുപാതികമല്ല. കറുത്തവര്‍ക്കിടയില്‍ രോഗബാധ കൂടിയത് തന്നെ ആശങ്കപ്പെടുത്തുന്നു-ട്രംപ് പറഞ്ഞു.

പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്മ തുടങ്ങിയ രോഗാവസ്ഥയുള്ളവരെയാണ് വൈറസ് വേഗം ബാധിക്കുന്നത്. മാത്രമല്ല, കൂടുതല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നവരെയും രോഗം വേഗം ബാധിക്കും. കറുത്തവര്‍ക്കിടയില്‍ രോഗബാധ വര്‍ധിക്കുന്നതിന്റെ കാരണം ഇതാണെന്ന് അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അലര്‍ജി ആന്റ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ഡയറക്ടര്‍ ആന്റണി ഫൗസി പറയുന്നു.

വംശം തിരിച്ചുള്ള കൊറോണ വൈറസ് ബാധിതരുടെ കണക്ക് ഉടന്‍ പുറത്തുവിടുമെന്ന് ട്രംപ് പറഞ്ഞു.

ലോസ് ഏഞ്ചല്‍സ് കൗണ്ടി കൊറോണ ബാധിതരുടെ വംശം തിരിച്ചുള്ള ഏകദേശ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.




Similar News