യുപിയില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Update: 2020-04-03 06:30 GMT

മൊവ്: വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി ലോക്ക് ഡൗണില്‍ കുടുങ്ങിയ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയും യുപി പോലിസ് കേസെടുത്തു. വ്യത്യസ്ത സംഭവങ്ങളിലായി 114 തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. പലയിടങ്ങളിലായി ഇവര്‍ക്ക് താമസ സൗകര്യമൊരുക്കിയ 28 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സര്‍ക്കാരിനെ അറിയിക്കാതെ താമസിച്ചുവെന്നാണ് ആരോപിച്ച കുറ്റം. എല്ലാവര്‍ക്കെതിരേയും ഐപിസി 144 ന്റെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

''ഇവര്‍ സര്‍ക്കാരിനെ അറിയിക്കാതെ താമസിക്കുകയായിരുന്നു. തബ് ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകരായ ഇവര്‍ക്കെതിരേ ഐപിസി 144 പ്രകാരം കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയവര്‍ക്കെതിരേയും കേസുണ്ട്''-മൊവ് പോലിസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. ഇവര്‍ക്ക് താമസൊരുക്കിയ 28 പേരോട് ഐസൊലേഷനില്‍ 14 ദിവസം തുടരാന്‍ പോലിസ് നിര്‍ദേശിച്ചു. മറ്റുള്ളവരെ സ്‌കൂളുകളില്‍ പാര്‍പ്പിച്ചു.

അറിഞ്ഞിടത്തോളം ഇവരില്‍ 15 പേര്‍ മാത്രമാണ് നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ മുന്‍കാലങ്ങളില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നെത്തി ലോക്ക് ഡൗണ്‍ സമയത്ത് ഇവിടെ കുടങ്ങിയവരാണ്. ജാഗ്രതാ നിര്‍ദേശം നിലവിലില്ലാത്ത സമയത്ത് എത്തി ലോക് ഡൗണില്‍ കുടുങ്ങിയവര്‍ എന്തിനാണ് പോലിസില്‍ അറിയിക്കുന്നതെന്ന് വ്യക്തമല്ല.

നിസാമുദ്ദീന്‍ മര്‍ക്കസ്സില്‍ ലോക്ക് ഡൗണില്‍ കുടുങ്ങിയ നിരവധി പേര്‍ക്കെതിരേ ഇതുപോലെ പോലിസ് കേസെടുത്തിരുന്നു.  

Similar News