കൊവിഡ് 19: യുഎസ്, യുകെ, ചൈന അടക്കം 70 രാജ്യങ്ങളിലേക്ക് യാത്രാവിലക്കുമായി ജപ്പാന്‍

Update: 2020-04-03 05:56 GMT

ടോക്യോ: കൊറോണ വൈറസ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജപ്പാന്‍ 70 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു. യുകെ, ചൈന, യുഎസ് അടക്കമുള്ള രാജ്യങ്ങളിലേക്കാണ് വിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ പട്ടികയിലുള്ള ഏതെങ്കിലും രാജ്യം സന്ദര്‍ശിച്ചവര്‍ക്കും വിലക്ക് ബാധകമാണ്.

ഏപ്രില്‍ 3 വെള്ളിയാഴ്ചയാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നതെങ്കിലും 3ാം തിയ്യതിക്കു മുമ്പ് ജപ്പാനിലേക്ക് യാത്രപുറപ്പെട്ടവര്‍ക്കും വിലക്ക് ബാധകമാവും. ജപ്പാനിലെ വന്‍നഗരങ്ങളില്‍ കൊറോണ ബാധ തീവ്രമായ സാഹചര്യത്തിലാണ് ഈ കടുത്ത നടപടി. എന്നുവരെയാണ് യാത്രാനിയന്ത്രണമുണ്ടാവുകയെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

ഒളിമ്പിക്‌സ് ഒരു വര്‍ഷം നീട്ടിവെക്കാനുള്ള തീരുമാനെടുത്ത് തൊട്ടടുത്ത ആഴ്ചയിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല ക്രോഡീകരിച്ച കണക്കുപ്രകാരം ജപ്പാനില്‍ ഇതുവരെ 2617 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 63 പേര്‍ രോഗം ബാധിച്ച് മരിച്ചു, 472 പേര്‍ക്ക് രോഗം സുഖപ്പെട്ടു. നിലവില്‍ 2082 പേര്‍ക്കാണ് രോഗബാധയുള്ളത്.

ആഗോളതലത്തില്‍ 10ലക്ഷം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മരിച്ചവരുടെ എണ്ണം 50,000 കടന്നു. 

Similar News