ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി മാളക്കടവ് കൂട്ടായ്മ

Update: 2020-03-27 16:47 GMT

മാള: കൊറോണ വൈറസ് വ്യാപനത്തിനെതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ രോഗികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന മാളക്കടവ് കൂട്ടായ്മ മാതൃകയാകുന്നു. മാള കെ കരുണാകരന്‍ സ്മാരക സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ കിടപ്പുരോഗികള്‍ക്കാണ് മാളക്കടവ് കൂട്ടായ്മയിലെ യുവാക്കള്‍ പ്രഭാതഭക്ഷണം നല്‍കി വരുന്നത്. ലോക്ക് ഡൗണ്‍ ദിവസങ്ങളില്‍ രോഗികള്‍ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍പെട്ടതോടെയാണ് ഭക്ഷണം എത്തിച്ച് നല്‍കാന്‍ കൂട്ടായ്മ തീരുമാനിച്ചത്. ശുചിത്വവും മുന്‍കരുതലുകളും സ്വീകരിച്ച് പാകം ചെയ്ത് പാക്ക് ചെയ്ത ഭക്ഷണപ്പൊതികളാണ് രോഗികള്‍ക്ക് നല്‍കുന്നത്. കൂടാതെ ചായയും നല്‍കുന്നുണ്ട്

സാഫ് കാറ്ററിംഗ് സര്‍വ്വീസിന്റെ അടുക്കളയിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്. കൂട്ടായ്മ പ്രവര്‍ത്തകരായ നിയാസ് മുഹമ്മദ് പി, സി ഐ നൗഷാദ്, അഷ്‌റഫ് അച്ചു, ഇബ്‌റാഹീം, ജിജോ, സാജിദ്, ഷാഫിദ്, അക്ബര്‍ എന്നിവര്‍ പാചകത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്നു. ലോക്ക് ഡൗണ്‍ തുടരുന്ന 21 ദിവസവും രോഗികള്‍ക്ക് ഭക്ഷണം നല്‍കുമെന്ന് കൂട്ടായ്മ പ്രവര്‍ത്തകര്‍ അറിയിച്ചു. മാളക്കടവ് കൂട്ടായ്മ നടത്തുന്ന ഈ സദുദ്ധ്യമം തങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് രോഗികള്‍ പറയുന്നു. 

Similar News