പാട്യാല ആശുപത്രിയില്‍ ഭീതിപരത്തി നവജാത ശിശുവിന്റെ അറ്റുപോയ തലയുമായി തെരുവുനായ

Update: 2025-08-27 05:40 GMT

പാട്യാല: രജീന്ദ്ര സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ അറ്റുപോയ തലയുമായി തെരുവുനായ ആശുപത്രി ബ്ലോക്കില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്നതാണ് ചൊവ്വാഴ്ച വൈകീട്ട് ജീവനക്കാരും കൂട്ടിരിപ്പുകാരും കണ്ടത്.

വൈകീട്ട് അഞ്ചരയോടെയാണ് നാലാം വാര്‍ഡിന് സമീപം കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കടിച്ചു നില്‍ക്കുന്ന നായയെ കണ്ടത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലിസിനെ അറിയിച്ചു. പോലിസ് സംഭവസ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പാട്യാല എസ്പി പല്‍വീന്തര്‍ സിങ് ചീമ അറിയിച്ചു. നവജാത ശിശുവിന്റെ മൃതദേഹം എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്തുന്നതിനായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. കടിച്ചെടുത്ത തലയുടെ ഭാഗങ്ങള്‍ കുഞ്ഞിന്റേതാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അതേസമയം, മൃതദേഹാവശിഷ്ടം ആശുപത്രിയില്‍ നിന്നുള്ളതല്ലെന്ന നിലപാടിലാണ് രജീന്ദ്ര ആശുപത്രി അധികൃതര്‍. 'ആശുപത്രിയില്‍ മരണപ്പെട്ട കുട്ടികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. നായ കടിച്ചെടുത്ത ഭാഗങ്ങള്‍ ആശുപത്രി കെട്ടിടത്തിന് പുറത്തുനിന്നുള്ളതാകാം,' ആശുപത്രി സൂപ്രണ്ട് ഡോ. വിശാല്‍ ചോപ്ര വ്യക്തമാക്കി.

ആരോഗ്യമന്ത്രി ഡോ ബല്‍ബിര്‍ സിങ് എല്ലാ വശങ്ങളിലും അന്വേഷണം നടക്കുമെന്ന് അറിയിച്ചു. ആശുപത്രിയിലെ ജീവിച്ചിരിക്കുന്നതും മരിച്ചതുമായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോന്നും പ്രത്യേകം പരിശോധിക്കാന്‍ പോലിസ് തീരുമാനം എടുത്തിട്ടുണ്ട്.

Tags: