യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി

Update: 2025-05-20 11:15 GMT

കണ്ണൂര്‍: കണ്ണൂരിലെ കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. നിതീഷ് ബാബു ആണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കൊലപാതകത്തിനു പിന്നില്‍. നിതീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പണിക്കാരനാണ് മരിച്ച നിതീഷ്. രണ്ട് ദിവസമായി ബൈക്കില്‍ രണ്ടംഗ സംഘം നിതീഷിന്റെ വീടിന് ചുറ്റും കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. വീട്ടിലെത്തിയ സംഘം നീതീഷുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

ഈ സമയം നിതീഷ് വീട്ടിലെ ആലയില്‍ പണിയെടുക്കുകയായിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ആലയില്‍ തന്നെയുള്ള ആയുധമെടുത്ത് പ്രതികള്‍ നിതീഷിനെ വെട്ടി. ശേഷം സ്ഥലത്തു നിന്നും കടന്നു കളഞ്ഞു. സംഭവസ്ഥലത്തു വച്ചു തന്നെ നിതീഷ് കൊല്ലപ്പെട്ടെന്ന് പോലിസ് പറയുന്നു. പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക തര്‍ക്കങ്ങളാണ് പ്രശ്‌നത്തിനു കാരണമെന്നാണ് പോലിസ് പറയുന്നത്.

Tags: