തന്റെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

നാളെ തുടങ്ങാനിരിക്കുന്ന ആറാമത് ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു അബ്ദുല്‍ മോമന്‍.

Update: 2019-12-12 06:17 GMT

ധക്ക: ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുല്‍ മോമന്‍. നാളെ തുടങ്ങാനിരിക്കുന്ന ആറാമത് ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു അബ്ദുല്‍ മോമന്‍. ഉച്ചകോടി നടക്കേണ്ടിയിരുന്ന ഗുവാഹത്തിയില്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ യോഗം മറ്റൊരിടത്തേക്ക് മാറ്റാന്‍ ഇടയുണ്ട്. ഉച്ചകോടയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെയും പങ്കെടുക്കും.

'ഇന്ത്യ ചരിത്രപരമായി തന്നെ സഹിഷ്ണുതയുള്ള ഒരു രാഷ്ട്രമാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രവും. അതില്‍ നിന്ന് വ്യതിചലിക്കുകയാണെങ്കില്‍ മതേതരത്വത്തിന് കോട്ടം വരും'- മോമന്‍ പറഞ്ഞു. 'ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നല്ല ബന്ധമാണ്. തങ്ങളുടെ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നും ഇന്ത്യയില്‍ ഉണ്ടാവില്ലെന്നാണ് ബംഗ്ലാദേശി ജനതയുടെ പ്രതീക്ഷ. ബംഗ്ലാദേശില്‍ മതപീഡനമുണ്ടെന്ന പ്രചാരണം തെറ്റാണ്.' ബംഗ്ലാദേശില്‍ ജനങ്ങളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാറില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇവിടെ എല്ലാ മതങ്ങളും സഹവര്‍ത്തിത്വത്തോടെ കഴിയുകയാണ്. ഏത് മതത്തിലുള്ളവര്‍ക്കും ഒരേ അവകാശങ്ങള്‍ ലഭിക്കും. ധക്കയിലെ അമേരിക്കന്‍ അംബാസിഡര്‍ ഇന്ത്യയിലെ പുതിയ പൗരത്വ ഭേദഗതി ബില്ലിനെ സംശയത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.  

Tags:    

Similar News