പണംവെട്ടിച്ച് നാടുവിടാന്‍ വ്യവസായികളെ സഹായിക്കുന്നത് ആഭ്യന്തര മന്ത്രാലയം; പ്രധാനമന്ത്രിയെ 'കുറ്റവിമുക്തനാക്കി' മമതാ ബാനര്‍ജി

Update: 2022-09-19 14:20 GMT

കൊല്‍ക്കത്ത: അന്വേഷണ ഏജന്‍സികളുടെ നരീക്ഷണത്തിനു കീഴിലുള്ള വ്യവസായികള്‍ രാജ്യം വിടുന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ആ കുറ്റം ചെയ്യുന്നത് ഗൂഢാലോചനക്കാരായ ഏതാനും നേതാക്കളാണെന്നും സിബിഐ പ്രധാനമന്ത്രിയുടെയല്ല, ആഭ്യന്തര മ്ര്രന്തിയുടെ ഓഫിസിലാണ് സിബിഐ റിപോര്‍ട്ട് ചെയ്യുന്നതെന്നും മമത ചൂണ്ടിക്കാട്ടി.

വ്യവസായികള്‍ രാജ്യം വിട്ട് ഓടുകയാണ്. ഇഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്), സിബിഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) എന്നിവരെ ദുരുപയോഗം ചെയ്യുമെന്ന് ഭയന്നാണ് അവര്‍ ഓടിപ്പോകുന്നത്. മോദിയല്ല ഇത് ചെയ്യുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു'-മമത നിയമസഭയില്‍ പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ പ്രമേയം പാസ്സാക്കുന്നതിനുമുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് മമതയുടെ മലക്കംമറച്ചില്‍.

'സി.ബി.ഐ. പ്രധാനമന്ത്രിയുടെ ഓഫിസില്‍ റിപോര്‍ട്ട് ചെയ്യില്ലെന്ന് നിങ്ങളില്‍ പലര്‍ക്കും അറിയില്ല. അവര്‍ ആഭ്യന്തര മന്ത്രാലയത്തിനാണ് റിപോര്‍ട്ട് ചെയ്യുന്നത്. ചില ബി.ജെ.പി നേതാക്കള്‍ ഗൂഢാലോചന നടത്തുകയാണ്. പിന്നീട് നിസാം കൊട്ടാരത്തിലേക്ക് പോകുകയും ചെയ്യുന്നു'- അവര്‍ കൂട്ടിച്ചേര്‍ത്തു.

മോദിയെ പുകഴിത്തിയതുകൊണ്ട് മരുമകനെ രക്ഷിക്കാനാവില്ലെന്ന് സുവേന്ദു അധികാരി പരിഹസിച്ചു. മമതയുടെ മരുമകനും എംപിയുമായ അഭിഷേക് ബാനര്‍ജിയെ ഇഡി ചോദ്യംചെയ്തിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രം തങ്ങളുടെ കീഴിലുളള ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. പ്രമേയം 64നെതിരേ 184 വോട്ടുകള്‍ക്ക് പാസ്സായി.

മോദി അദ്ദേഹത്തിന്റെ ഉപദേശകരെ കേട്ടാണ് വഴിതെറ്റിപ്പോയതെന്നും അവര്‍ ആരോപിച്ചു.

Tags: