മാന്നാറില്‍ പ്രവാസിയുടെ വീട്ടില്‍ മോഷണം; 20 പവന്‍ സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടു
മാന്നാര്‍: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടില്‍ മോഷണം നടന്നതായി പരാതി. ചെന്നിത്തല പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ വലിയവീട്ടില്‍ ഷാരോണ്‍ വില്ലയില്‍ താമസിക്കുന്ന പ്രവാസിയായ ജോസിന്റെ വീട്ടില്‍ നിന്നാണ് 20 പവന്‍ സ്വര്‍ണം, 25 യുകെ പൗണ്ട്, പാസ്‌പോര്‍ട്ട്, ലാപ്‌ടോപ് എന്നിവ ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോയത്.
യുകെയില്‍ താമസിക്കുന്ന ജോസും കുടുംബവും രണ്ടു മാസം മുന്‍പാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. രാത്രി വീട്ടില്‍ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. വീട് നോക്കാന്‍ ഏല്‍പിച്ചിരുന്ന വ്യക്തി വെള്ളിയാഴ്ച രാവിലെ ലൈറ്റുകള്‍ അണയ്ക്കാന്‍ എത്തിയപ്പോള്‍ ഗേറ്റും മുന്‍വാതിലും തുറന്നുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ അടുത്ത ബന്ധുവിനെ വിവരം അറിയിക്കുകയും തുടര്‍ന്ന് മാന്നാര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. എസ്എച്ച്ഒ ഡി രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ അലമാര കുത്തിപ്പൊളിച്ച് അതിനുള്ളിലെ ലോക്കര്‍ തകര്‍ത്താണ് സ്വര്‍ണം കവര്‍ന്നത്. വിലപ്പെട്ട രേഖകള്‍ സൂക്ഷിച്ചിരുന്ന ബാഗും ലാപ്‌ടോപും, ഏകദേശം 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ടുമാണ് മോഷണം പോയതെന്ന് ജോസ് പോലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അലമാരകള്‍ തുറന്ന നിലയിലും വീട്ടിലെ സാധനങ്ങള്‍ മുറിയില്‍ വാരി വലിച്ചിട്ട നിലയിലുമായിരുന്നു.
ആലപ്പുഴയില്‍ നിന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളില്‍ നിന്ന് മണം പിടിച്ച പോലിസ് നായ റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റര്‍ വരെ ഓടി മാന്നാര്‍-മാവേലിക്കര സംസ്ഥാന പാതയില്‍ എത്തി നിന്നതായി പോലിസ് അറിയിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ മാന്നാര്‍ പോലിസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
